ന്യൂദല്‍ഹി: റൂഹ് അഫ്‌സ പാനീയത്തെ പറ്റി വീണ്ടും അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് സ്വയം പ്രഖ്യാപിത യോഗ ഗുരു ബാബാ രാംദേവിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. കോടതിയുടെ മുന്‍ ഉത്തരവിന്റെ വ്യക്തമായ ലംഘനമാണ് രാംദേവ് നടത്തിയതെന്ന് കോടതി വ്യക്തമാക്കി. ആരെയും ഗൗനിക്കാതെയാണ് ബാബാ രാംദേവ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ആരുടെയും നിയന്ത്രണത്തിലല്ല എന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്നും ജസ്റ്റിസ് അമിത് ബന്‍സല്‍ പറഞ്ഞു. ഹംദര്‍ദ് നാഷണല്‍ ഫൗണ്ടേഷന്‍ ഇന്ത്യയെയോ അതിന്റെ പ്രധാന ഉല്‍പ്പന്നമായ റൂഹ് അഫ്‌സയെ ലക്ഷ്യമിട്ട് ഇനി പൊതുവേദിയില്‍ പരാമര്‍ശങ്ങളോ പരസ്യങ്ങളോ വീഡിയോകളോ പുറത്തിറക്കരുതെന്ന് കോടതി നേരത്തെ രാംദേവിനോട് നിര്‍ദ്ദേശിച്ചിരുന്നു.
‘മുന്‍ ഉത്തരവിന്റെ വെളിച്ചത്തില്‍, രാംദേവിന്റെ സത്യവാങ്മൂലവും ഈ വീഡിയോയും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണ്. ഞാന്‍ ഇപ്പോള്‍ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിക്കും. ഞങ്ങള്‍ രാംദേവിനെ ഇവിടേക്ക് വിളിപ്പിക്കുകയാണ്,’ ജസ്റ്റിസ് ബന്‍സല്‍ പറഞ്ഞു. പതഞ്ജലിയുടെ ‘ഗുലാബ് ശര്‍ബത്ത്’ പ്രോത്സാഹിപ്പിക്കുന്നതിനിടെയാണ്, ഹംദര്‍ദിന്റെ റൂഹ് അഫ്‌സയുടെ വരുമാനം മദ്രസകളുടെയും പള്ളികളുടെയും നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നുവെന്ന് രാംദേവ് ആരോപിച്ചത്. ‘ശര്‍ബത്ത് ജിഹാദ്’ എന്ന് രാംദേവ് വിശേഷിപ്പിച്ച ഈ പരാമര്‍ശങ്ങള്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ പരാമര്‍ശങ്ങള്‍ ‘കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിച്ചു’ എന്നും ‘ന്യായീകരിക്കാനാവാത്തവ’ എന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഉടന്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കര്‍ശനമായ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് രാംദേവിന്റെ നിയമസംഘത്തോട് കോടതി മുന്നറിയിപ്പും നല്‍കി. സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യുമെന്ന് രാംദേവ് കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് ഇനി അത്തരം പരാമര്‍ശങ്ങള്‍ നടത്തില്ലെന്നും വിവാദ ഉള്ളടക്കം നീക്കം ചെയ്യുമെന്നും രാംദേവ് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. കോടതിയുടെ മുന്‍ ഉത്തരവും രേഖാമൂലമുള്ള ഉറപ്പും രാംദേവ് ലംഘിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. രാംദേവ് സമാനമായ അനുചിതമായ ഉള്ളടക്കം അടങ്ങിയ മറ്റൊരു വീഡിയോ പുറത്തിറക്കിയതായി സൂചിപ്പിക്കുന്ന തെളിവുകള്‍ ഹംദര്‍ദിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകരായ മുകുള്‍ റോഹത്ഗിയും സന്ദീപ് സേതിയും കോടതിയില്‍ സമര്‍പ്പിച്ചു.
‘ഇത് വിദ്വേഷ പ്രസംഗത്തിന് തുല്യമാണ്. അവന്‍ ഇതിനെ ശര്‍ബത്ത് ജിഹാദ് എന്നാണ് വിളിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ ബിസിനസ്സ് നടത്തിക്കോളൂ. എന്തിനാണ് ഞങ്ങളെ ശല്യപ്പെടുത്തുന്നത്?’ റോഹത്ഗി ചോദിച്ചു.
രാംദേവിനെയും പതഞ്ജലിയെയും പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് നായര്‍, ഹംദര്‍ദ് ‘മതത്തിന്റെ കാവല്‍ക്കാരല്ല’ എന്നും രാംദേവ് തന്റെ അഭിപ്രായങ്ങള്‍ മാത്രമാണ് പ്രകടിപ്പിക്കുന്നതെന്നും വാദിച്ചു. വിവാദ വീഡിയോയില്‍ അദ്ദേഹം ഒരു പ്രത്യേക ബ്രാന്‍ഡിന്റെയോ സമുദായത്തിന്റെയോ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നായര്‍ ആവര്‍ത്തിച്ചു. എന്നാല്‍, കോടതി ഈ വാദങ്ങളോട് യോജിച്ചില്ല. ‘അവന് ഈ അഭിപ്രായങ്ങള്‍ മനസ്സില്‍ വെച്ചാല്‍ മതി; അവ പ്രകടിപ്പിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ജസ്റ്റിസ് ബന്‍സല്‍ മറുപടി നല്‍കിയത്.