ശ്രീനഗർ: ജമ്മു കാഷ്മീരിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദോഡ ജില്ലയില്‍ ഇന്ന് രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. നാല് ഭീകരരെ സൈന്യം വധിച്ചതായാണ് വിവരം.
ക്യാപ്റ്റന്‍ ദീപക് സിംഗാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യം സ്ഥലത്ത് പരിശോധന നടത്തിയതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. ഏറ്റുമുട്ടൽ നടന്നയിടത്തുനിന്ന് ബാഗുകളും എംഫോർ കാർബൈൻ തോക്കുകളും കണ്ടെടുത്തു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഒരു ദിവസം മുമ്പാണ് കാഷ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്.
അതിനിടെ, കാഷ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന് ലഫ് ജനറല്‍ പ്രതീക് ശര്‍മ എന്നിവർ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സുരക്ഷ സാഹചര്യവും യോഗം വിലയിരുത്തി.