ഷിരൂർ: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള ദൗത്യം ദുഷ്‌കരമായേക്കും. ഗംഗാവലിപുഴയിൽ കലക്കവെള്ളമായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നാവികസേന ഗംഗാവലി പുഴയിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. എൻഡിആർഎഫിന്റെ മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയേക്കും. കലക്കവെള്ളമായതിനാൽ നദിക്ക് അടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു.
കഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. അർജുൻ ഓടിച്ചിരുന്ന ലോറിയിൽ തടികൾ കെട്ടാൻ ഉപയോഗിച്ചിരുന്ന കയർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ നേവി നടത്തിയ തെരച്ചിലിൽ ലോറിയുടെ ക്യാബിന് സമാനമായ ഭാഗം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ആകാൻ തീരെ സാദ്ധ്യതയില്ലെന്നും കണ്ടെത്തിയ ഭാഗങ്ങളെല്ലാം പഴക്കമുള്ളവയാണെന്നുമായിരുന്നു മനാഫ് പറഞ്ഞത്.
നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം നിൽക്കുന്നത്. അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമാണെന്നും ഈശ്വർ മാൽപേ പറഞ്ഞിരുന്നു. ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 13ന് ആണ് ഈശ്വർ മാൽപേ പുഴയിലിറങ്ങി പരിശോധന വീണ്ടും തുടങ്ങിയത്. ഇതിൽ അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഒരു ഇരുമ്പ് കഷണവും ലഭിച്ചിരുന്നു. ജാക്കി മനാഫ് തിരിച്ചറിഞ്ഞു.