കർണാടകയിൽ കോൺഗ്രസ് ആഭ്യന്തരമന്ത്രി ജി. പരമേശ്വരൻ എബിവിപി പരിപാടി ഉദ്ഘാടനം ചെയ്തത് വലിയ രാഷ്ട്രീയ വിവാദമായി. ദേശീയതലത്തിൽ ബിജെപിക്കും ആർഎസ്എസ്സിനുമെതിരെ കോൺഗ്രസ് നേതൃത്വം, പ്രത്യേകിച്ച് രാഹുൽ ഗാന്ധി ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ഈ സംഭവം. പ്രധാനമന്ത്രിയെ ‘വോട്ട് കള്ളൻ’ എന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ശക്തമായ നിലപാട് എടുക്കുമ്പോൾ കർണാടകയിലെ ഒരു മുതിർന്ന നേതാവ് ആർഎസ്എസ്സിന്റെ വിദ്യാർത്ഥി വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്കുള്ളിലും പുറത്തും ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു.
തുംകൂർ ജില്ലയിലെ തിപ്തൂരിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) സംഘടിപ്പിച്ച ‘റാണി അബ്ബക്ക സൗധ രഥയാത്ര’യാണ് ജി. പരമേശ്വരൻ ഫ്‌ളാഗ് ഓഫ് ചെയ്തത്. പോർച്ചുഗീസുകാർക്കെതിരെ പോരാടിയ പതിനാറാം നൂറ്റാണ്ടിലെ റാണി അബ്ബക്കയുടെ സ്മരണാർത്ഥമാണ് ഈ പരിപാടി. റാണി അബ്ബക്ക ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യകാല പോരാളികളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ചരിത്രപരമായ വ്യക്തിത്വങ്ങളെ മുൻനിർത്തി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് എബിവിപിയുടെ പതിവാണ്.
സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ് പങ്കെടുത്തിട്ടില്ലെന്നും, വിദേശ അധിനിവേശക്കാർക്ക് അനുകൂലമായ നിലപാടുകളാണ് അവർ എടുത്തിരുന്നതെന്നുമാണ് കോൺഗ്രസ് നിരന്തരം ആരോപിക്കുന്നത്. ഈ പ്രചാരണങ്ങൾക്കിടയിലാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് എബിവിപി പരിപാടിയിൽ പങ്കെടുക്കുന്നത്. ‘ഭാരത് മാതാ കീ ജയ്’ വിളികൾക്കിടയിൽ അദ്ദേഹം റാണി അബ്ബക്കയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ജി. പരമേശ്വരൻ താൻ എബിവിപി പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും, റാണി അബ്ബക്കയുടെ രഥയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു.
കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ആർഎസ്എസുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. രണ്ടാഴ്ച മുമ്പ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിയമസഭയിൽ ആർഎസ്എസിന്റെ ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ…’ എന്ന ഗീതം ആലപിച്ചത് വലിയ വിവാദമായിരുന്നു. എതിരാളികളെ മനസ്സിലാക്കുന്നത് ഒരു നേതാവിന്റെ കടമയാണെന്നും, അതിന്റെ ഭാഗമായിട്ടാണ് താൻ ആർഎസ്എസ് ഗീതം പഠിച്ചതെന്നുമാണ് ശിവകുമാർ അന്ന് വിശദീകരിച്ചത്. ഈ സംഭവങ്ങൾ കോൺഗ്രസ്സിന്റെ ദേശീയ നിലപാടുകൾക്ക് വിരുദ്ധമായി കർണാടകയിൽ ചില നേതാക്കൾക്ക് ആർഎസ്എസ്സിനോട് മൃദുസമീപനമുണ്ടോ എന്ന സംശയങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.