ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. പ്രതികൂല കാലാവസ്ഥയും ഗംഗാവാലി പുഴയിലെ ഒഴുക്കും കാരണം നിര്‍ത്തിവെച്ചിരുന്ന തെരച്ചില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്.
ഇന്നത്തെ തെരച്ചില്‍ രാവിലെ എട്ട് മണിയോടെ ഗംഗാവലി പുഴയില്‍ ആരംഭിക്കും. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘം, എന്‍ഡിആര്‍എഫ് , എസ്ഡിആര്‍എഫ് എന്നിവ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.
നാവികസേനയും തെരച്ചിലില്‍ പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കില്‍ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റര്‍ തെരച്ചിലിന് എത്തും.
ചൊവ്വാഴ്ച ഈശ്വര്‍ മല്‍പെ നടത്തിയ തെരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കര്‍ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ തെരച്ചില്‍ എളുപ്പമാകുമെന്നാണ് ഈശ്വര്‍ മാല്‍പെയുടെ വിലയിരുത്തല്‍.