ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ പാകിസ്താനെ തുര്‍ക്കി പിന്തുണച്ചതിനെ തുടര്‍ന്ന് തുര്‍ക്കിയിലെ ഇനൊനു യൂനിവേഴ്‌സിറ്റിയുമായുള്ള അക്കാഡമിക് സഹകരണ കരാര്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി റദ്ദാക്കി. ദേശീയ സുരക്ഷ പരിഗണിച്ചാണ് നടപടിയെന്ന് ജെഎന്‍യു വ്യക്തമാക്കി. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജെഎന്‍യു തുര്‍ക്കിയിലെ യൂനിവേഴ്‌സിറ്റിയുമായി മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പിച്ചത്.
ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങല്‍ നടത്തുന്നുവെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ തുര്‍ക്കിയിലെ മുന്‍നിര മാധ്യമ സ്ഥാപനമായ ടിആര്‍ടി വേള്‍ഡിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത ദിവസം തന്നെയാണ് ജെഎന്‍യുവിന്റെ നടപടിയും. തുര്‍ക്കി ഉല്‍പ്പന്നങ്ങലും സേവനങ്ങളു ബഹിഷ്‌കരിക്കണമെന്ന പ്രചാരണവും ഇന്ത്യയില്‍ വ്യാപിക്കുന്നുണ്ട്. തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചതാണ് പ്രധാന കാരണം. ഇതു മൂലം തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തിലും കരിനിഴല്‍ വീണിരിക്കുകയാണ്.
വലിയ ടൂറിസം കേന്ദ്രം കൂടിയായ തുര്‍ക്കിയിലേക്കുള്ള ബുക്കിങ്ങുകള്‍ ഇന്ത്യക്കാര്‍ വ്യാപകമായി റദ്ദാക്കുന്നതായി ഫ്‌ളൈറ്റ് ബുക്കിങ് സൈറ്റുകളും പറയുന്നു.