ബംഗുളൂരു: ഐഎസ്ആർഒയുടെ പുനരുപയോഗം സാദ്ധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനത്തിന്റെ മൂന്നാമത്തെ ലാൻഡിംഗ് പരീക്ഷണവും വിജയം. ആർഎൽവിയുടെ (പുഷ്പക്) അവസാന ലാൻഡിംഗ് പരീക്ഷണം ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു നടന്നത്.
ആർഎൽവിയുടെ ആദ്യ രണ്ട് പരീക്ഷണങ്ങളും വിജയമായിരുന്നു. വ്യോമസേനയുടെ ചിനുക് ഹെലികോപ്ടറിലാണ് “പുഷ്പക്’ എന്ന് പേരിട്ടിരിക്കുന്ന ആൽഎൽവിയെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയത്.
തറനിരപ്പിൽ നിന്ന് നാലരകിലോമീറ്റർ ഉയരത്തിലും ഇറങ്ങേണ്ട റൺവേയിൽ നിന്ന് നാലുകിലോമീറ്റർ അകലെവച്ചും ആൽഎൽവിയെ സ്വതന്ത്രമാക്കി. തുടർന്ന് കൃത്യമായി ദിശ കണ്ടെത്തുകയും സുരക്ഷിതമായി റൺവേയ്ക്ക് സമീപമെത്തി റൺവേ സെൻട്രൽ ലൈനിൽ കൃത്യമായ തിരശ്ചീന ലാൻഡിംഗ് നടത്തുകയുമായിരുന്നു.
ലാൻഡിംഗ് വേഗത 320 കിലോമീറ്റർ ആയിരുന്നു. എന്നാൽ, ബ്രേക്ക് പാരച്യൂട്ട് ഉപയോഗിച്ച് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്ററായി കുറച്ചു. തുടർന്ന് ലാൻഡിംഗ് ഗിയർ ബ്രേക്കുകൾ ഉപയോഗിച്ച് വീണ്ടും വേഗത കുറയ്ക്കുകയായിരുന്നു. സ്വന്തമായി ദിശ കണ്ടെത്താനുള്ള സംവിധാന ഐഎസ്ആർഒ തന്നെ വികസിപ്പിച്ചെടുക്കുകയായിരുന്നു.
അടുത്ത ഘട്ടം ബഹിരാകാശത്തു പോയി മടങ്ങിയെത്തുന്ന വാഹനത്തെ (ഓർബിറ്റൽ റീ എൻട്രി വെഹിക്കിൾ – ഒആർവി) ഭൂമിയിലിറക്കുന്ന പരീക്ഷണങ്ങളാണ്. വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാവുന്ന വാഹനം എന്ന പേര് നിലനിർത്തി, ആദ്യതവണ മുതൽ ഒരേ വാഹനം തന്നെയാണ് ലാൻഡിംഗ് പരീക്ഷണത്തിന് ഉപയോഗിക്കുന്നത്.
ജെ. മുത്തു പാണ്ഡ്യനാണ് മിഷൻ ഡയറക്ടർ. വെഹിക്കിൾ ഡയറക്ടർ ബി. കാർത്തിക്. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്, വിഎസ്എസ്സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ എന്നിവർ ദൗത്യം നിറവേറ്റിയ ടീമിനെ അഭിനന്ദിച്ചു.