ന്യൂഡൽഹി– ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ പ്രതികരിക്കണമെന്ന് ഖത്തറിലെ മുൻ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് അറോറ. ഒരു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കണമെന്നും സഞ്ജീവ് അറോറ പറഞ്ഞു. ഖത്തറിന്റെ പരമാധികാരം, യുഎൻ ഉടമ്പടി, രാജ്യാന്തരനിയമങ്ങൾ എല്ലാം ഇസ്രായേൽ നഗ്നമായി ലംഘിച്ചെന്നും അദ്ദേഹം വിമർശിച്ചു.
ഇസ്രായേൽ ഇന്ത്യ ബന്ധം ശക്തമാണ് എന്നതിൽ സംശയമില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര നിയമങ്ങളുടെ കാര്യത്തിൽ തത്വാധിഷ്ഠിത നിലപാടുള്ള രാജ്യമാണ് ഇന്ത്യയെന്നും എട്ടരലക്ഷം ഇന്ത്യക്കാർ ഖത്തറിലുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു. അവിടത്തെ ആകെ ജന സംഖ്യ 25 ലക്ഷമാണെന്നോർക്കണമെന്നും അപ്പോൾ നമുക്ക് എങ്ങനെയാണ് മൗനം പാലിക്കാനാവുക എന്നും അദ്ദേഹം ചോദിച്ചു.