ന്യൂയോർക്ക്: ലബനനിലെ ഹിസ്ബുല്ല തലവൻ സയ്യിദ് ഹസ്സൻ നസ്‌റുല്ല(64) കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ലബനാൻ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് സൈന്യത്തെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം ഹിസ്ബുല്ല ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഹിസ്ബുല്ലയുടെ മറ്റൊരു നേതാവായ അലി കരാകിയും കൊല്ലപ്പെട്ടതായി ഇസ്രായേലി സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിലും കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലപ്പെട്ടിരുന്നു.
ബെയ്‌റൂത്തിലെ ദഹിയയിൽ ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ട് ഇസ്രായേൽ ഇന്നലെ കനത്ത മിസൈൽ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ വൻ സ്‌ഫോടനങ്ങളോടെ നാല് കെട്ടിട സമുച്ചയങ്ങൾ തകർന്നിട്ടുണ്ട്. ഒരു മരണം ഉൾപ്പെടെ അമ്പതിലേറെ പേർക്ക് പരുക്കേറ്റതായാണ് റിപോർട്ടുകളിലുള്ളത്.
ഫലസ്തീനിലെ നിരപരാധികളായ പതിനായിരങ്ങളെ പിറന്ന മണ്ണിൽ ഇഞ്ചിഞ്ചായി കൂട്ടക്കശാപ്പു ചെയ്യുന്ന ഇസ്രായേൽ ഭീകരതയ്‌ക്കെതിരേ ഹിസ്ബുല്ല സ്വീകരിച്ച നടപടികളാണ് സയണിസ്റ്റ് ലോബിയെ ലബനാനും അവിടത്തെ ജനതയ്ക്കുമെതിരേ തിരിച്ചത്. മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഹിസ്ബുല്ലയുടെ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഹസ്സൻ നസ്‌റുല്ലയെയും സംഘത്തെയും ഇല്ലാതാക്കാൻ കടുത്ത ആക്രമണമാണ് ഈയിടെ ഇസ്രായേൽ സൈന്യം അഴുച്ചുവിട്ടത്. എന്നാൽ, ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദങ്ങളിൽ ഹിസ്ബുല്ലയുടെ പ്രതികരണം ലഭിച്ചിട്ടില്ല.