ന്യൂദല്‍ഹി -ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വല്‍ ഏഴ് ദിവസത്തെ സാവകാശം തേടിയതിന് പിന്നാലെയാണ് നടപടി. കേസ് ദേശീയ തലത്തില്‍ പ്രചാരണ വിഷയമാക്കുകയാണ് കോണ്‍ഗ്രസ്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ നോട്ടീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രജ്വലിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കേണ്ടത് കേസില്‍ നിര്‍ണായകമാണ്.
പ്രജ്വല്‍ കൂടുതല്‍ സമയം വിദേശത്ത് തുടര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. പീഡനത്തിനിരയായ മൂന്ന് പേരുടെ കൂടി മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതിനിടെ കേസില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കൊടും കുറ്റവാളിക്കായി വോട്ടുതേടിയ പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെ വിഷയത്തില്‍ കരുതലോടെയാണ് എന്‍ ഡി എ സഖ്യത്തിന്റെ നീക്കം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group