ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവില്‍ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല. ഇതിനാല്‍ കൂടുതല്‍ പരിശോധനകളിലേക്ക് കടക്കാനാണ് തീരുമാനം. കുഞ്ഞിന് എച്ച്എംപിവിയുടെ ഏത് വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്ന് അടക്കം വ്യക്തമായിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം ആവര്‍ത്തിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്നത് പരിശോധിക്കുന്നതായി കര്‍ണാടക അറിയിച്ചു. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കുഞ്ഞിന് ചൈനയില്‍ കണ്ടെത്തിയ എച്ച്എംപിവി വകഭേദമാണോ എന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്.
2019 ലാണ് ലോകത്ത് ആദ്യമായി എച്ച്എംപിവി രോഗബാധ ഉണ്ടാകുന്നത്. കുഞ്ഞ് ചികിത്സയില്‍ കഴിയുന്നത് ബെംഗളുരുവില്‍ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നാണ്. ഇവിടെ തന്നെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.