ബീജിംഗ്– അഞ്ചുവർഷങ്ങൾക്കു ശേഷം ഇന്ത്യ വീണ്ടും ചൈനീസ് വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഒരുങ്ങുന്നു. ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള തർക്കഭരിതമായ ബന്ധം മെല്ലെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
2020-ൽ ഗാൽവാൻ വാലിയിൽ നടന്ന സൈനിക സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം ഏറെ വഷളായിരുന്നു. അതിനുശേഷം ആദ്യമായാണ് ഇന്ത്യ ചൈനീസ് ടൂറിസ്റ്റുകൾക്ക് പ്രവേശനാനുമതി നൽകുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലായിരുന്നു ടൂറിസ്റ്റ് വിസാനിഷേധം ഏർപ്പെടുത്തിയതും നേരിട്ടുള്ള വിമാന സർവീസുകൾക്കും, കൈലാസ്-മാനസരോവർ യാത്രയ്ക്കുമുള്ള വിലക്കുമുണ്ടായത്.2020ൽ കോവിഡ് കാലത്താണ് ചൈനയിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. 22000 ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞ ചൈനീസ് നടപടിയും ഈ തീരുമാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു.
ഈ വർഷ തുടക്കത്തിൽ തന്നെ രണ്ട് രാജ്യങ്ങളും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ ധാരണയിൽ എത്തുകയും ചെയ്തു. കൈലാസ് യാത്ര പുനരാരംഭിക്കാൻ വേണ്ട നടപടികളും പുരോഗതിയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അടുത്തിടെ ചൈന സന്ദർശിച്ചത് രണ്ട് രാജ്യങ്ങൾക്കുമിടയിൽ വീണ്ടും ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ള മറ്റൊരു നിർണായക നീക്കമായിരുന്നു.
ചൈന, പാകിസ്ഥാനുമായി തുടരുന്ന അടുത്ത ബന്ധവും, അടുത്തിടെ മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കു വേണ്ടിയുള്ള അപൂർവ എർത്ത് മാഗ്നറ്റുകൾ, വളങ്ങൾ, ടണൽ ബോറിംഗ് മെഷീനുകൾ എന്നിവയുൾപ്പെടെ ഇന്ത്യയിലേക്കുള്ള പ്രധാന കയറ്റുമതി ചൈന വൈകിപ്പിക്കുകയോ നിർത്തുകയോ ചെയ്‌തിട്ടുണ്ട്. ഇതും ഇന്ത്യ – ചൈന ബന്ധത്തെ ചോദ്യമുനയിൽ നിർത്തുന്നുണ്ട്. എന്നാൽ, അതിർത്തി പ്രശ്നങ്ങളിൽ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി കാണുന്ന ഗുണപരമായ മാറ്റങ്ങൾ, പ്രത്യേകിച്ച് ഡെപാസാങ്, ഡെംചോക്ക് മേഖലകളിൽ നിന്നുള്ള സൈനികരെ പിൻവലിക്കൽ, ആശയവിനിമയത്തിന് വീണ്ടും വാതിൽ തുറക്കുന്നതായാണ് കണക്കുകൂട്ടൽ.