വാഷിംഗ്ടണ്‍– പലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് യു.എസ് വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. മാര്‍ച്ച് 5നാണ് രഞ്ജിനിയടെ വിസ റദ്ദാക്കിയത്. ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായതു കൊണ്ടാണ് വിസ റദ്ദാക്കിയതെന്ന് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് പ്രസ്താവന ഇറക്കി.
മാര്‍ച്ച് 11ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍(സി.പി.ബി) ഏജന്‍സി ആപ്പ് ഉപയോഗിച്ച് സ്വയം നാടുകടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് ലഭിച്ചു. വിദ്യാര്‍ഥിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നവരെ യു.എസില്‍ അനുവദിക്കില്ലെന്ന് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. യു.എസില്‍ പഠിക്കാനും താമസിക്കാനും വിസ ലഭിക്കുന്നത് ഭാഗ്യമാണെന്നും അക്രമത്തിനും തീവ്രവാദത്തിനും വാദിക്കുന്നവര്‍ക്ക് അത് നഷ്ടപ്പെടും, അദ്ദേഹം കുറിച്ചു.
യു.എസിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭരണകൂടം വിദേശ വിദ്യാര്‍ഥികളുടെ മേല്‍ നിരീക്ഷണം ശക്തമാക്കി. ഹമാസിനെ പിന്തുണക്കുന്ന വിദേശവിദ്യാര്‍ഥികളുടെ വിസ റദ്ദാക്കി നാടുകടത്തുമെന്ന് നേരത്തെ യു.എസ് ഭരണകൂടം ഭീഷണിപ്പെടുത്തിയിരുന്നു.
രഞ്ജിനി അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ എന്‍വയോര്‍മെന്റ് പ്ലാനിംഗ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതിന് ശേഷമാണ് കൊളംബിയയില്‍ ഗവേഷണത്തിനായി എത്തിയത്.