ന്യൂഡൽഹി– ടെക് ലോകത്തെ ഞെട്ടിച്ച മെറ്റയുടെ പിരിച്ചുവിടലിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട എൻജിനീയർമാർക്ക് വൻ അവസരവുമായി ഇന്ത്യൻ സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖൻ. മെറ്റയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വിഭാഗത്തിൽനിന്ന് പിരിച്ചുവിടപ്പെട്ടവരെ ജോലിക്കായി ക്ഷണിച്ച് രംഗത്തെത്തിയിരിക്കുന്നത് സ്മോളസ്റ്റ് എഐ (Smallest AI) സ്ഥാപകനും ഐഐടി പൂർവ വിദ്യാർത്ഥിയുമായ സുദർശൻ കാമത്താണ്.
മെറ്റ മേധാവി മാർക്ക് സക്കർബർഗ് അടുത്തിടെയാണ് സൂപ്പർ ഇന്റലിജൻസ് ലാബിലെ ആയിരക്കണക്കിന് തസ്‌തികകളിൽ നിന്ന് 600-ഓളം തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതായി അറിയിച്ചത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നായിരുന്നു മെറ്റയുടെ വിശദീകരണം.
ആകർഷകമായ ശമ്പളം
മെറ്റയിൽ നിന്ന് പുറത്തായ എഐ എൻജിനീയർമാർക്ക് സ്മോളസ്റ്റ് എഐ ആകർഷകമായ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ഈ തസ്തികകളിലെ അടിസ്ഥാന ശമ്പളം 200,000 ഡോളറിനും 600,000 ഡോളറിനും ഇടയിലായിരിക്കും. ഇത് ഏകദേശം 52.7 ലക്ഷം രൂപ വരെ വരും. ഇതിന് പുറമെ ഇക്വിറ്റി ഇൻസെൻ്റീവുകളും ലഭിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
ഫെയ്‌സ്ബുക്ക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റിസർച്ച് (FAIR) യൂണിറ്റ്, പ്രൊഡക്ട് അനുബന്ധ എഐ, എഐ ഇൻഫ്രാസ്ട്രക്‌ചർ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരേയാണ് മെറ്റയുടെ പുതിയ തീരുമാനം ബാധിക്കുക.
ജോലിക്കുള്ള ക്ഷണം
തൻ്റെ വോയിസ് എഐ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ സ്മോളസ്റ്റ് എഐയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ക്ഷണിച്ചുകൊണ്ട് കാമത്ത് സോഷ്യൽ മീഡിയയിലൂടെയാണ് കുറിപ്പ് പങ്കുവെച്ചത്.
“സാൻ ഫ്രാൻസിസ്കോയിലെ ഞങ്ങളുടെ സ്‌പീച്ച് ടെക്നോളജി ടീമിലേക്ക് ഞങ്ങൾ ആളുകളെ തേടുന്നു. മെറ്റയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരാണെങ്കിൽ, സ്മോളസ്റ്റ് എഐയിൽ ചേരുന്നത് പരിഗണിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു” — എന്നായിരുന്നു സുദർശൻ കാമത്തിൻ്റെ വാക്കുകൾ.
സ്‌പീച്ച് ഇവാലുവേഷൻ, സ്‌പീച്ച് ജനറേഷൻ, ഫുൾ ഡ്യൂപ്ലക്സ് സ്‌പീച്ച്-ടു-സ്പീച്ച് സിസ്റ്റങ്ങൾ എന്നിവയിൽ വൈദഗ്‌ധ്യമുള്ളവരെയാണ് കമ്പനിക്ക് ആവശ്യം.
മെറ്റായിൽനിന്ന് പുറത്താക്കപ്പെട്ട എഐ ജീവനക്കാരെ തേടുന്ന നിരവധി സ്റ്റാർട്ടപ്പ് സംരംഭകരിൽ ഒരാൾ മാത്രമാണ് സുദർശൻ കാമത്ത്. സ്പെക് (Spec) സ്ഥാപകനായ ബെൻ ടെയ്‌ലർ, ആർസി എഐ (Arcee Al) സിടിഒ ലൂക്കാസ് അറ്റ്കിൻസ്, എഐ സ്റ്റാർട്ട് അപ്പായ ആക്‌സിയോം മാത്ത് സ്ഥാപക കരീന ഹോംഗ് എന്നിവരും ഇത്തരത്തിൽ മെറ്റയിലെ എൻജിനീയർമാർക്ക് അവസരം നൽകുന്ന ടെക് സ്ഥാപകരിൽപ്പെടുന്നു.



