ന്യൂ ഡല്‍ഹി: അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, ടാലറ്റിലെ പാര്‍ക്ക് ഹില്‍ റോഡില്‍ ഇന്ത്യന്‍ യുവാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദിച്ച് നഗ്‌നനാക്കി. ജൂലൈ 19ന് വൈകുന്നേരം ആറ് മണിയോടെ നടന്ന ഈ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. 13 യുവാക്കള്‍ അടങ്ങുന്ന സംഘം, കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ ഗാര്‍ഡ (അയര്‍ലന്‍ഡ് ദേശീയ പൊലീസ്) ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. വംശീയ ആക്രമണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ 40-കാരനായ യുവാവിനെ ടാലറ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 20-ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും, ഞെട്ടലില്‍ നിന്ന് മുക്തനാകാത്തതിനാല്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നില്ലെന്ന് ഫൈന്‍ ഗേല്‍ കൗണ്‍സിലര്‍ ബേബി പെരെപ്പാടന്‍ പറഞ്ഞു.
ആക്രമണകാരികള്‍ യുവാവിന്റെ ബാങ്ക് കാര്‍ഡുകള്‍, ഫോണ്‍, ഷൂസ്, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ചതായി ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. ‘ആക്രമണം 6 മണിക്ക് പകല്‍ വെളിച്ചത്തില്‍ നടന്നു. യുവാവ് രക്തത്തില്‍ കുളിച്ച് സഹായത്തിന് അപേക്ഷിക്കുകയായിരുന്നു,’ എന്ന് ദൃക്‌സാക്ഷി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര സംഭവത്തെ ശക്തമായി അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യുവാവിന് പിന്തുണ നല്‍കിയ ഐറിഷ് ജനതയോടും ഗാര്‍ഡയോടും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ എംബസി യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ടാലറ്റില്‍ ഇത്തരം വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി പ്രാദേശിക ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആക്രമണത്തിനെതിരെ പ്രാദേശിക സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് റേസിസവും ഡബ്ലിന്‍ സൗത്ത് വെസ്റ്റ് ടുഗെദറും ചേര്‍ന്ന് ജൂലൈ 25-ന് ടാലറ്റിലെ ട്രീപാര്‍ക്ക് റോഡില്‍ ‘സ്റ്റാന്‍ഡ് എഗെയ്ന്‍സ്റ്റ് റേസിസം’ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.