ഇന്ത്യൻ ഇൻകം ടാക്സ് നിയമത്തിൽ ചില നിബന്ധനകൾ നമുക്ക് പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്. അത്തരത്തിലൊന്നാണ് 20,000-ലധികം തുക നേരിട്ട് പണമായി കൈമാറുന്നത്. പലർക്കും ഇത് ഒരു സാധാരണ പണമിടപാടായി തോന്നാം. സുഹൃത്ത്, ബന്ധു, ബിസിനസ് പങ്കാളി ആരായാലും പണം കൈമാറുന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ, ഈ ഇടപാട് 20,000-ൽ കൂടുതലായാൽ, അതിന് നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ട്.
ഇൻകം ടാക്സ് ആക്ട് സെക്ഷൻ 269SS പ്രകാരം, ഒരു വ്യക്തി മറ്റൊരാളിൽ നിന്ന് 20,000-ലധികം തുക പണമായി വാങ്ങുകയോ നൽകുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
പകരം, പണം നൽകേണ്ടതോ വാങ്ങേണ്ടതോ ഉണ്ടെങ്കിൽ, അത് ബാങ്ക് വഴിയോ, ചെക്കോ, ഡ്രാഫ്റ്റോ, അല്ലെങ്കിൽ ഓൺലൈൻ ട്രാൻസ്ഫറിലൂടെയോ ആയിരിക്കണം. കാരണം പണമായി നൽകിയ ഇടപാടുകൾക്ക് തെളിവ് ഇല്ല. അതായത്, ആ ഇടപാട് നടന്നതായി രേഖകൾ ഉണ്ടാകില്ല. പിന്നീട് പണം തിരികെ കിട്ടിയില്ലെങ്കിൽ, അല്ലെങ്കിൽ ആ തുകയുമായി ബന്ധപ്പെട്ട തർക്കം ഉയർന്നാൽ, കോടതിയിൽ പോയാലും തെളിവ് കാണിക്കാൻ കഴിയാതെ കേസിന് ശക്തി ലഭിക്കില്ല.
നിയമം ഇത്ര കർശനമായി എന്തുകൊണ്ട് നിലനിൽക്കുന്നു എന്നാൽ പണമായി വലിയ തുക കൈമാറുന്നത് പലപ്പോഴും ബ്ലാക്ക് മണി ട്രാൻസാക്ഷനുകളുമായി ബന്ധപ്പെട്ടിരിക്കും.
അത് മാത്രമല്ല, ഇത്തരം ഇടപാടുകൾ നികുതി വെട്ടിപ്പിനും അനധികൃത സാമ്പത്തിക പ്രവർത്തനങ്ങൾക്കും വഴി തുറക്കാറുണ്ട്. അതുകൊണ്ടാണ്, സർക്കാർ ഇതിനെ കർശനമായി നിയന്ത്രിക്കുന്നത്.
നിയമം ലംഘിച്ചാൽ എന്താണ് സംഭവിക്കുക?
സെക്ഷൻ 271D പ്രകാരം, നിയമലംഘനം നടന്നാൽ നിയമലംഘനം നടത്തിയതിന് തുല്യമായ തുക പിഴയായി അടയ്ക്കേണ്ടിവരും. അതായത് 50,000 രൂപയാണ് പണമായി നൽകുന്നതെങ്കിൽ 50,000 രൂപ വരെ പിഴയായി അടയ്ക്കേണ്ടി വന്നേക്കാം
ഏതുതരത്തിലുള്ള പണമിടപാടും ബാങ്ക് വഴിയാണ് സുരക്ഷിതം. ഇതിലൂടെ, രേഖകൾ ലഭിക്കും, പണം എപ്പോൾ നൽകി, എപ്പോൾ വാങ്ങി എന്നതിന്റെ തെളിവുകൾ ലഭിക്കും.
പിന്നീട് ഏതെങ്കിലും പ്രശ്നം വന്നാലും, ആ രേഖകൾ കോടതിയിൽ തെളിവായി ഉപയോഗിക്കാനാകും. ഇത് വെറും നിയമപ്രകാരം മാത്രം അല്ല,
നമ്മുടെ സ്വന്തം സാമ്പത്തിക സുരക്ഷയ്ക്കും ഇത് അത്യാവശ്യമാണ്.
കാരണം നാം സൂക്ഷിക്കുന്ന ഓരോ രേഖയും, നമ്മുടെ പണം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. അതിനാൽ അടുത്ത തവണ ₹20,000-ൽ കൂടുതലുള്ള ഇടപാട് നടത്തുമ്പോൾ,
ഓർമ്മിക്കുക ക്യാഷ് അല്ല, ബാങ്ക് വഴിയാകണം.