ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഔദ്യോഗിക വിശദീകരണം നല്‍കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.
‘കൊളാറ്ററല്‍ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങള്‍ പോലും തിരഞ്ഞെടുത്തതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന് അപകടമുണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല.പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യന്‍ സേന നടത്തിയിട്ടുണ്ടെന്നും കേണല്‍ ഖുറേഷിയും വിങ് കമാന്‍ഡര്‍ സിങ്ങും വ്യക്തമാക്കി.
ഓപ്പറേഷന്‍ സിന്ദൂര്‍ അരങ്ങേറി മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പഹല്‍ഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാക്കിസ്ഥാന്‍ അവരുടെ മണ്ണിലെ ഭീകരര്‍ക്കെതിരെ ഒരു നടപടി പോലും എടുത്തില്ല. അതിനാലാണ് ഇന്ത്യ തിരിച്ചടിക്കാന്‍ തീരുമാനിച്ചത്. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിര്‍ത്തി കടന്ന് ഇനി ഭീകരര്‍ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ, പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വിക്രം മിശ്രി പറഞ്ഞു
പഹല്‍ഗാമില്‍ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദമില്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.എന്നാല്‍ ഇന്ത്യന്‍ ജനത ആ ശ്രമത്തെ പരാജയപ്പെടുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്‌പോണ്‍സര്‍ ചെയ്യുന്നത്. നമ്മള്‍ നയതന്ത്രപരമായ നടപടികള്‍ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാന്‍ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. പഹല്‍ഗാമിലെ ആക്രമണകാരികളെ ഇന്ത്യ ശിക്ഷിച്ചു- വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.