ഡോണൾഡ് ട്രംപ് പകരച്ചുങ്കം നടപ്പിലാക്കിയതോടെ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് സമുദ്രോൽപാദനം കയറ്റുമതി ചെയ്യുന്നത് വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. എന്നാൽ, ഇത് യൂറോപ്പിലേക്കുള്ള സമുദ്രോൽപാദനം വലിയ രീതിയിൽ ഉയർത്താൻ കാരണമായി. ഇത് മത്സ്യത്തൊഴിലാളികൾക്കും, കയറ്റുമതിക്കാർക്കും, ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഗുണം ചെയ്യും.
ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നങ്ങൾ കയറ്റുമതി മതി ചെയ്യാൻ 102 പുതിയ ഫിഷറീസ് സ്‌ഥാപനങ്ങൾക്ക് കൂടി അംഗീകാരം ലഭിച്ചിരിക്കുകയാണിപ്പോൾ. യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാൻ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം 538ൽ നിന്നും 604 ആയി ഉയർന്നിരിക്കുകയാണ്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് പ്രഖ്യാപനം.
യുഎസിന്റെ പകരച്ചുങ്കം കാരണം ബുദ്ധിമുട്ടിലായ നമ്മുടെ രാജ്യത്തിന് ഇത് വലിയ സഹായവും ഗുണവും ആകും എന്നതിൽ സംശയമില്ല. യൂ എസ് തീരുവ ഭീഷണികളെ മറികടന്ന് വിപണിയിൽ ചുവടുറപ്പിക്കാൻ ഇത് ഇന്ത്യയെ സഹായിക്കും. സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും (എംപിഇഡിഎ) എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിലിന്റെയും (ഇഐസി) ശ്രമങ്ങളും നേട്ടത്തിന് പിന്നിലുണ്ട്. സമുദ്രോൽപന്നങ്ങളുടെ ഉൽപാദനം മുതൽ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്താൻ ഇവർക്ക് സാധിച്ചു. ബൽജിയം, സ്പെയിൻ, ഇറ്റലി എന്നിവയാണ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ഇന്ത്യയുടെ പ്രധാന വിപണികൾ. നോർവേ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും വിപണി പ്രവേശനം സാധ്യമാക്കാൻ പുതിയ കരാർ സഹായകമാകും.