ശ്രീനഗര്‍– പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. ബാരാമുള്ളയിലെ ഉറി ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടു. ഝലം നദിയില്‍ വെള്ളപ്പൊക്കമുണ്ടാവുകയും പാക് അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ ആദ്യത്തെ നീക്കമാണിത്. ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തില്‍ പ്രദേശം ആശങ്കയിലാണ്. നദീ തീരങ്ങളില്‍ താമസിക്കുന്ന ആളുകളോട് മാറി താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഏപ്രില്‍ 22ന് വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായിരുന്നു. പാകിസ്ഥാനെതിരെ ഇന്ത്യയുടെ നയതന്ത്ര തലത്തില്‍ വലിയ തിരിച്ചടികള്‍ക്കിടയിലാണ് മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്ന് വിട്ടത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.