ന്യൂഡല്‍ഹി– പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. പാകിസ്താനില്‍ നിന്ന് നേരിട്ടോ, ഇടനിലക്കാര് വഴിയോ ഉള്ള ഇറക്കുമതി റദ്ദാക്കിയതായി വാണിജ്യ മന്ത്രാലയംഅറിയിച്ചു. പാകിസ്താനുമായി വ്യാപാരം നിരോധിക്കുന്നതിനെക്കുറിച്ച് പുതിയ വകുപ്പ് വിദേശ വ്യാപാര നയം 2023ല്‍ ചേര്‍ത്താണ് കേന്ദ്രം അറിയിച്ചത്. ദേശീയ സുരക്ഷയുടെയും പൊതു നയത്തിന്റെയും താല്‍പര്യാര്‍ത്ഥമാണ് ഈ നടപടി.
ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഏക കര അതിര്‍ത്തിയായ അട്ടാരി-വാഗയിലൂടെയുള്ള വ്യാപാരം അടച്ചുപൂട്ടുന്നതായി ഇന്ത്യ ഇതിനകം പ്രഖ്യാപിച്ചു. ഇതിന് പകരമായി പാകിസ്ഥാനും ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവെച്ചു. ഇന്ത്യയുടെ നീക്കങ്ങള്‍ പാകിസ്ഥാനിലെ ചെറുകിട വ്യാപാരികളെയും നിര്‍മ്മാതാക്കളെയും ഗുരുതരമായി ബാധിക്കും.
അതേ സമയം പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം. ഇന്ത്യ വഴി പാക് ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ട് പോകുന്നതും നിരോധിച്ചു. പാകിസ്ഥാനിലേക്കുള്ള പോസ്റ്റല്‍ സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ കടുത്ത നടപടികളില്‍ ഒന്നാ മാത്രമാണിത്. ഇതിന് മുമ്പ് ഇന്ത്യ പാകിസ്താന്‍ പൗരന്മാരുടെ വിസ റദ്ദാക്കി, വാഘാ അതിര്‍ത്തി അടച്ചിട്ടു, ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥരെ നാടുകടത്തിയിരുന്നു. കൂടാതെ സിന്ധു നദീജല കരാര്‍ താത്കാലികമായി റദ്ദ് ചെയ്തു.
ഇരു രാജ്യങ്ങളിലെയും അതിര്‍ത്തിയില്‍ സൈനിക സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, യു.എന്‍, യുഎസ് അടക്കമുളള അന്തരാഷ്ട്ര സംഘടനകള്‍ ഇരുരാജ്യങ്ങളേയും പരസ്പരം സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആഹ്വാനം ചെയ്തു.