ന്യൂഡൽഹി– ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറിൽ ഇരു വിഭാഗവും ഔദ്യോഗികമായി ഒപ്പുവെച്ചു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ നിർണ്ണായകമായ ഈ തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവർ പങ്കെടുത്ത കൂടിക്കാഴ്ചയിൽ വ്യാപാര മേഖലയിലെ പുതിയ വിപ്ലവത്തിനാണ് തുടക്കമിട്ടത്. കരാർ പ്രാവർത്തികമാകുന്നതോടെ രാജ്യത്തെ നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2007-ൽ ആരംഭിച്ച ചർച്ചകളാണ് ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം ഇപ്പോൾ ലക്ഷ്യപ്രാപ്തിയിലെത്തിയത്. ഈ കരാറിലൂടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ഇളവുകളോടെ പ്രവേശനം ലഭിക്കും. അന്താരാഷ്ട്ര വിപണിയിൽ അമേരിക്ക ഏർപ്പെടുത്തുന്ന ഉയർന്ന നികുതി നിരക്കുകൾ മൂലം പ്രതിസന്ധിയിലായ ഇന്ത്യൻ ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള മേഖലകൾക്ക് ഈ കരാർ വലിയ ആശ്വാസമാകും. ആഗോള വ്യാപാരത്തിന്റെ അഞ്ചിലൊന്നും ലോക ജനസംഖ്യയുടെ കാൽഭാഗവും ഉൾക്കൊള്ളുന്ന ഈ മേഖലകൾ തമ്മിലുള്ള സഹകരണം ഇരു സമ്പദ്‌വ്യവസ്ഥകൾക്കും ഒരുപോലെ ഗുണകരമാകുമെന്ന് യൂറോപ്യൻ യൂണിയൻ നേതൃത്വവും വ്യക്തമാക്കി.
കരാറിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വൈൻ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാനും സാധ്യതയുണ്ട്. പ്രതിരോധ മേഖലയിലെ സഹകരണം, ഇന്ത്യൻ തൊഴിലാളികളെ യൂറോപ്പിലേക്ക് എത്തിക്കുന്നതിനുള്ള സുഗമമായ പാത എന്നിവയും ഈ കരാറിന്റെ ഭാഗമാണ്. എല്ലാ വ്യാപാര കരാറുകളുടെയും മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉടമ്പടി അടുത്ത വർഷം മുതൽ പൂർണ്ണമായി പ്രാബല്യത്തിൽ വരും.



