ന്യൂഡൽഹി– ആഗോള ബീഫ് വിപണിയിൽ പരമ്പരാഗത കുത്തകരാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യക്ക് വൻ മുന്നേറ്റം. നിലവിൽ ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. പ്രതിവർഷം 380 കോടി ഡോളർ (ഏകദേശം 34,177 കോടി രൂപ) ആണ് ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത്. ബീഫ് കഴിച്ചതിനെയും കൈവശം വെച്ചതിന്റെയും പേരിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വർഗീയ സംഭവ വികാസങ്ങൾ അരങ്ങേറുന്നതിനിടെയാണ് ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം. നരേന്ദ്രമോഡി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഈ കുതിച്ചുചാട്ടം എന്നതും ശ്രദ്ധേയമാണ്
രാജ്യത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശാണ്. കയറ്റുമതിയുടെ 60 ശതമാനവും യുപിയിൽ നിന്നാണ്. ഉത്തർപ്രദേശ് കഴിഞ്ഞാൽ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. മഹാരാഷ്ട്ര ഭരിക്കുന്നത് ബിജെപിയും ആന്ധ്രപ്രദേശ് ഭരിക്കുന്നത് ബിജെപി സഖ്യ കക്ഷികളുമാണ്.
തെക്കുകിഴക്കൻ ഏഷ്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമാണ് ഇന്ത്യയുടെ പ്രധാന വിപണികൾ. വിയറ്റ്നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഈജിപ്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും മാംസം കയറ്റുമതി ചെയ്യുന്നത്. അല്ലാനസൺസ് പ്രൈവറ്റ് ലിമിറ്റഡ്, ഫെയർ എക്‌സ്‌പോർട്ട്‌സ്, അൽ ഹംദ് അഗ്രോ, മിർഹ എക്‌സ്‌പോർട്ട്‌സ്, എച്ച്‌എംഎ അഗ്രോ, അൽ ഫഹീം മീറ്റക്‌സ് എന്നിവരാണ് രാജ്യത്തെ പ്രധാന കയറ്റുമതിക്കാർ. കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിൽ ഭൂരിഭാഗവും എരുമ മാംസമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



