ന്യൂഡല്‍ഹി– ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥയായി മാറിയെന്ന് നീതി ആയോഗ് സിഇഒ ബി.വി.ആര്‍ സുബ്രഹ്മണ്യം. നീതി ആയോഗിന്റെ പത്താം ഭരണസമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഭൗമരാഷ്ട്രീയവും, സാമ്പത്തിക അന്തീരക്ഷവും ഇന്ത്യക്ക് അനുകൂലമാണെന്നും സുബ്രഹ്മണ്യം പറഞ്ഞു. ഞാനിത് പറയുമ്പോള്‍ നമ്മള്‍ നാലാമത്തെ സമ്പദ് വ്യവസ്ഥയാണ്.
ഇന്ത്യ ഇന്ന് ജപ്പാനേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാണ്. യു.എസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമേ നമുക്ക് മുമ്പിലുള്ളു. ആസൂത്രിതമായി മുന്നേറുകയാണെങ്കില്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും, സുബ്രഹ്മണ്യം അറിയിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫ് എന്താവുമെന്ന അനിശ്ചിതത്വം ആഗോള കമ്പോളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചരക്കുകളുടെ ചലനാത്മകത കണക്കിലെടുക്കുമ്പോള്‍ ഉല്‍പാദന ചെലവ് കുറഞ്ഞ രാജ്യം നമ്മുടേതായിരിക്കും. യു.എസില്‍ വില്‍ക്കുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയിലോ വേറെ എവിടെയെങ്കിലോ അല്ല അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡൊളാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് പ്രതികരികരണമായി സുബ്രഹ്മണ്യം പറഞ്ഞു.