ചെന്നൈ: നടന് ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്‍’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ 8 മണിയോടെ ആര്യയുടെ ചെന്നൈയിലെ പൂനമല്ലി ഹൈ റോഡിലുള്ള വസതിയിലും അന്നാ നഗര്‍, വേളാച്ചേരി, കോട്ടിവാക്കം, കില്പോള് എന്നിവിടങ്ങളിലെ സീ ഷെല്‍ റെസ്റ്റോറന്റ് ശാഖകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി.
റെസ്റ്റോറന്റിന്റെ ഉടമസ്ഥതയും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകള്‍. ആര്യ ഈ അറേബ്യൻ ഭക്ഷണശാല ശൃംഖലയുടെ ഉടമയായിരുന്നെങ്കിലും, കുറച്ച് വർഷങ്ങൾക്ക് മുമ്പ് തലശ്ശേരി സ്വദേശിയായ വ്യവസായിക്ക് ഇത് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ വ്യവസായിയുടെ കേരളത്തിലെ സ്വത്തുക്കൾ നേരത്തെ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ചെന്നൈയിലെ റെയ്ഡുകൾ ഈ അന്വേഷണത്തിന്റെ തുടർച്ചയാണെന്നാണ് വിവരം
ജംഷാദ് എന്ന ആര്യ, നടന് എന്നതിനപ്പുറം നിര്‍മാതാവ് കൂടിയാണ്. അടുത്തിടെ അദ്ദേഹം നിര്‍മിച്ച ‘ഡിഡി നെക്സ്റ്റ് ലെവല്‍’ എന്ന ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ പാ. രഞ്ജിത്തിന്റെ ‘വെട്ടുവം’ കൂടാതെ ‘ആനന്ദന് കാട്’, ‘മിസ്റ്റര്‍ എക്സ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്.