പാലക്കാട്– 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ച് ലക്ഷക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ചയാകുന്നു. കോൺഗ്രസ് നേതാവ് വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
നരേന്ദ്ര മോദിയുടെ വാരാണസിയിലെ മേലൂപൂർ വാർഡിൽ B24/19 എന്ന വീട്ടിൽ താമസിക്കുന്ന രാംകമൽദാസ് എന്ന ഒരാൾക്ക് 50 മക്കളുണ്ടെന്നും, എല്ലാവർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് ഉറപ്പാക്കിയിട്ടുണ്ടെന്നും വി.ടി. ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹാസ രൂപേണ ചൂണ്ടിക്കാട്ടി. “അതിനെന്താണ്, മഹാഭാരതത്തിൽ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും 101 മക്കളുണ്ടായിരുന്നില്ലേ?” എന്ന് “ഹോമോ സംഘീസ്” എന്ന സ്പീഷീസിൽപ്പെട്ടവർ മറുചോദ്യം ഉന്നയിക്കുന്നുവെന്നും ബൽറാം കുറിച്ചു.
2019-ൽ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ മോദി ജയിച്ച വാരാണസിയിൽ, 2024-ൽ ഭൂരിപക്ഷം 1,52,513 വോട്ടായി കുറഞ്ഞിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് 50,000-ലധികം വോട്ടുകൾക്ക് മുന്നിലെത്തിയെങ്കിലും, പിന്നീട് മോദി ലീഡ് ഉയർത്തുകയായിരുന്നു. മോദിക്ക് 6,12,970 വോട്ടുകളും അജയ് റായിക്ക് 4,60,457 വോട്ടുകളും ലഭിച്ചു. വോട്ടർ പട്ടികയും പോളിങ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാൽ വ്യാജ വോട്ടുകളുടെ തെളിവുകൾ വ്യക്തമാകുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നു.
രാഹുൽ ഗാന്ധി, ബംഗളൂരുവിലെ ‘വോട്ട് അധികാർ റാലി’യിൽ, കഴിഞ്ഞ 10 വർഷത്തെ ഡിജിറ്റൽ വോട്ടർ ഡേറ്റയും വീഡിയോ തെളിവുകളും കൈമാറാൻ കമ്മീഷൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. കർണാടകയിലെ ഒരു സീറ്റിലെ ക്രമക്കേടുകൾ തെളിയിക്കാൻ ആറ് മാസമെടുത്തുവെന്നും, രാജ്യവ്യാപകമായ വോട്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഡേറ്റ കൈമാറാതിരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കർണാടക സർക്കാർ വോട്ട് തട്ടിപ്പ് അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.