അഹമ്മദാബാദ്: ഗുജറാത്തിൽ 1,800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി കോസ്റ്റ് ഗാർഡ്. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്.
അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയ്ക്ക് സമീപമുള്ള കടലിലാണ് രഹസ്യവിവരം അടിസ്ഥാനമാക്കിയുള്ള ഓപ്പറേഷനിലൂടെ വൻ തോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തത്. വടക്കൻ മഹാരാഷ്ട്ര-ദക്ഷിണ ഗുജറാത്ത് സമുദ്ര മേഖലയിലെ മൾട്ടി മിഷൻ റോളിൽ വിന്യസിച്ച ഐ സി ജി കപ്പൽ, സംശയാസ്പദ ബോട്ട് തടയുന്നതിനായി ശ്രമിക്കുകയായിരുന്നു.
കപ്പൽ അടുപ്പിച്ചപ്പോഴേക്കും ബോട്ടിലുള്ളവർ മയക്കുമരുന്ന് ചരക്ക് കടലിലേക്ക് വലിച്ചെറിഞ്ഞ് അതിർത്തിയിലേക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട കള്ളക്കടത്ത് ചരക്ക് വീണ്ടെടുത്ത ഉടനെ കപ്പലിലുള്ളവർ, ബോട്ടിൽ ഒരു സംഘത്തെ അയക്കുകയും രക്ഷപ്പെട്ട മയക്കുമരുന്നു കള്ളക്കടത്തു സംഘത്തിന്റെ ബോട്ട് പിന്തുടർന്ന് പിടികൂടുകയുമായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. അതിർത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യൻ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതർ വെളിപ്പെടുത്തി.