റോഹ്തക്– ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ഹിന്ദുത്വവാദികളുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും നേരെ ഗുരുതര ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും തുടർന്ന് നിർബന്ധിച്ച് ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികൾ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങൾ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോൾ ഒഴിച്ച് ബൈബിളും ഖുർആനും കത്തിക്കാൻ നിർബന്ധിച്ചത്. ഇത് വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങൾ ദിനേന വർധിച്ചുവരികയാണ്. വിശ്വാസികൾ പ്രാർഥിക്കുന്ന ഇടങ്ങൾ ആക്രമിക്കുകയും അതിക്രമ വാർത്തകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒരു തുടർക്കഥയാണ്.
കഴിഞ്ഞ ഒക്ടോബറിൽ മതപരിവർത്തനത്തിന് ശ്രമിച്ചു എന്നാരോപിച്ച് ബറേലിയിൽ നിന്നും ഒരു പാസ്‌റ്ററെ അറസ്‌റ്റ് ചെയ്‌തിരുന്നു. പിന്നീട് കോടതി ഇയാൾക്ക് ജാമ്യം നൽകി. കഴിഞ്ഞ ആഗസ്റ്റിലാണ് ഛത്തീസ്‌ഗഢിലെ റായ്‌പുരിൽ പള്ളിയിലേക്ക് വിഎച്ച്‌പി, ബജ്രംഗ്ദൾ പ്രവർത്തകർ അതിക്രമിച്ചുകയറി വിശ്വാസികളെ അക്രമിച്ചത്.



