ന്യൂഡൽഹി: മതം ചോദിച്ച് ഹിന്ദുക്കൾക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഈ രാജ്യം ശക്തമായി നിലനിൽക്കുന്നതെന്നും ആർ.എസ്.എസ് സംഘചാലക് മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു മോഹൻ ഭാഗവത്.
ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടമാണിതെന്നും ദുഷ്ടന്മാരെ ഉന്മൂലനം ചെയ്യണമെന്നും വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ശത്രുത നമ്മുടെ സ്വഭാവമല്ല, പക്ഷേ ആക്രമിക്കുന്നത് സഹിക്കുന്നതും നമ്മുടെ സ്വഭാവമല്ല. അധികാരമുണ്ടെങ്കിൽ അത് പ്രയോഗിക്കാനുള്ള സമയമാണിത്. ഇത്തരം സമയങ്ങളിൽ, ശക്തി പ്രകടിപ്പിക്കണം. ഇത് അധികാരി ശക്തനാണെന്ന സന്ദേശം ലോകത്തിന് നൽകുന്നു.
പോരാട്ടം സമൂഹങ്ങൾ തമ്മിലല്ല, നന്മയ്ക്കും തിന്മയ്ക്കും ഇടയിലാണ്. കശ്മീരിൽ തീവ്രവാദികൾ ചെയ്തതിനെ എല്ലാവരും അപലപിക്കുന്നു. കശ്മീരിൽ മരിച്ച ആളുകളെ, അവരുടെ മതത്തെക്കുറിച്ച് ചോദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയത്. ഹിന്ദുക്കൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും ആർ.എസ്.എസ് മേധാവി വ്യക്തമാക്കി.