ന്യൂഡല്‍ഹി– ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ, ബീഹാര്‍, ഉത്തര്‍പ്രദേശ്,ഝാര്‍കണ്ഡ് എന്നിവിടങ്ങളില്‍ കനത്തമഴയും ഇടിമിന്നലും കാരണം 102 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബീഹാറില്‍ മാത്രം ഇടിമിന്നലേറ്റ് 80 ആളുകൾ മരിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വിയാദവ് സംസ്ഥാനത്തോട് ആവിശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിൽ ശക്തമായ മഴയിലും ഇടിമിന്നലിലും 15 ജില്ലകളിലായി 22 മരണം സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ തകര്‍ന്ന് പോയി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഝാര്‍ഖണ്ഡില്‍ അഞ്ച് കുട്ടികളടക്കം എട്ടുപേര്‍ ഇടിമിന്നലേറ്റ് മരിച്ചു. ശനിയാഴ്ച വൈകുന്നേരം മുതലാണ് ശക്തമായ കാറ്റും മഴയും ആരംഭിച്ചത്. ദുരന്തനിവാരണ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.
കടുത്ത വേനല്‍ക്കാലം അനുഭവപ്പെടുന്ന ഡല്‍ഹിയില്‍ മഴക്ക് ശേഷം ചൂട് ഗണ്യമായി കുറയാന്‍ സാധ്യതയുണ്ട്. ഇന്നും ഡല്‍ഹിയില്‍ ശക്തമായ കാറ്റും ഇടിമിന്നലോടു കൂടെ മഴയുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ആലിപ്പഴം വീഴാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും, തെക്ക് പടിഞ്ഞാറന്‍ മേഖലയായ തമിഴ്‌നാട്, കര്‍ണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴക്കും കേരളത്തില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.