കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ആശ്വാസം. ഇന്ന് പവന് 880 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായി താഴ്ന്നു.
ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്. മൂന്നു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കുറഞ്ഞത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഇത് അറുപതിനായിരവും കടന്ന് കുതിക്കുമോ എന്ന ആശങ്കയിലായിരുന്നു അധികപേരും. അതിനിടെ ചെറുതെങ്കിലും ആശ്വാസം നൽകുന്നതാണ് വിലിയിടിച്ചിൽ എന്നാണ് പൊതുവെയുള്ള പ്രതികരണം.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവ ബജറ്റിൽ കുറച്ചത് സ്വർണ വിപണിയിൽ ഉപയോക്താക്കൾക്ക് ആശ്വാസകരമായെങ്കിലും ഡോളറിന്റെ കുതിച്ചുകയറ്റം മൂലം രൂപയുടെ മൂല്യം ഇടിഞ്ഞത് കാരണം ഇതിന്റെ ഗുണം ലഭിക്കാത്ത സ്ഥിതിയാണുണ്ടായത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളറിന്റെ മൂല്യം കൂടിയത് സ്വർണവിലയിൽ ഇടിച്ചിലിന് ഇടയാക്കുകയായിരുന്നു.