ആഗ്ര: ഹോം ട്യൂഷനിടെ അധ്യാപികയുടെ കുളിമുറി സീനുകൾ പകർത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്ത നാലു വിദ്യാർത്ഥികൾ പിടിയിൽ. എസ്.എസ്.എൽ.സി വിദ്യാർത്ഥിയും മൂന്ന് വിദ്യാർത്ഥി സുഹൃത്തുക്കളുമാണ് അധ്യാപികയുടെ പരാതിയിൽ പോലീസ് പിടിയിലായത്.
മഥുരയിലെ ഒരു സ്‌കൂളിൽ പഠിപ്പിക്കുന്ന ആഗ്ര സ്വദേശിനിയായ അധ്യാപികയ്ക്കാണ് ദുരനുഭവമുണ്ടായത്. സ്‌കൂളിൽ പഠനത്തിൽ പിന്നാക്കമായ ഒരു കുട്ടിക്ക് രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ച് അധ്യാപിക ട്യൂഷൻ നൽകിയിരുന്നു. ഇതാണ് വിദ്യാർത്ഥി ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചത്.
അധ്യാപിക കുളിക്കുന്ന ദൃശ്യങ്ങൾ വിദ്യാർത്ഥി രഹസ്യമായി മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് ഇത് കാണിച്ച് ശാരീരിക ബന്ധത്തിലേർപ്പെടാനായി സമ്മർദ്ദം. അധ്യാപിക വഴങ്ങാതെ വന്നതോടെ ഭീഷണിയായി. ഇതിന് പിന്നാലെ അധ്യാപിക വിദ്യാർത്ഥിയുടെ ഫോൺ ബ്ലോക്ക് ചെയ്തു. തുടർന്ന് വിദ്യാർത്ഥി ഈ വീഡിയോ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു. ഇവരാകട്ടെ ഈ വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
ട്യൂഷനെത്തിയ വിദ്യാർത്ഥി തന്റെ അർധനഗ്‌ന വീഡിയോ ചിത്രീകരിച്ച് ശാരീരിക ബന്ധത്തിന് സമീപിച്ചതായി അധ്യാപിക പോലീസിനോട് പറഞ്ഞു. വിദ്യാർത്ഥിയുമായി അകലം പാലിച്ചതോടെ ഭീഷണിപ്പെടുത്തലുണ്ടായി. ഇതിനൊന്നും വഴങ്ങാതെ വന്നപ്പോഴാണ് മറ്റു മൂന്ന് വിദ്യാർത്ഥികളുമായി ചേർന്ന് വീഡിയോ സമൂഹമാധ്യമത്തിലിട്ട് അശ്ലീല പ്രചാരണത്തിൽ ഏർപ്പെട്ടതെന്ന് ആഗ്രയിലെ മുതിർന്ന പോലീസ് ഓഫീസർ സൂരജ് റായ് പ്രതികരിച്ചു.
ശല്യം ചെയ്ത വിദ്യാർത്ഥിയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതോടെ ഇയാൾ കൂടുതൽ രോഷാകുലനായി. തുടർന്ന് വീഡിയോ ഗ്രാമത്തിലെ മൂന്ന് വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇവർ അശ്ലീല വീഡിയോ വാട്ട്‌സാപ്പിൽ ഷെയർ ചെയ്യുകയും ഇൻസ്റ്റഗ്രാമിൽ അധ്യാപികയുടെ പേരിൽ വ്യാജ് പേജ് ഉണ്ടാക്കിയതായും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ അപമാനം സഹിച്ച് കടുത്ത മാനസിക സമ്മർദ്ദത്തിലായ അധ്യാപിക മിഷൻ ശക്തി അഭിയാൻ കേന്ദ്രത്തിലെത്തി ആത്മഹത്യ ചെയ്യാൻ വരെ ആലോചിച്ചതായി പോലീസ് പറഞ്ഞു. അധ്യാപികയുടെ പരാതിയിൽ പേജുകളും ദൃശ്യങ്ങളും നീക്കിയിട്ടുണ്ടെന്നും കൂടുതൽ നടപടികളിലേക്ക് നീങ്ങാനിരിക്കുകയാണെന്നും കേസെടുത്ത ഷാഗഞ്ച് പോലീസ് പ്രതികരിച്ചു.
പഠനത്തിൽ പിറകിലായ കുട്ടികൾക്ക് അധ്യാപിക വീട്ടിൽ വച്ച് നൽകുന്ന ട്യൂഷൻ സംവിധാനത്തെ ദുരുപയോഗപ്പെടുത്തിയ കുട്ടികളുടെ നടപടി ഏറെ മാനഹാനിയുണ്ടാക്കുന്നതും മാതൃകാപരമായ ശിക്ഷണ നടപടിക്കു വിധേയമാക്കേണ്ടതുമാണെന്ന് അധ്യാപക സംഘടന പ്രതികരിച്ചു.