- തിരുവോണം ബംപർ ഇത്തവണയും അതിർത്തി കടന്നു
- സ്വന്തമായി വീടില്ല. വാടക വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്ന് ഭാഗ്യശാലി
- എന്തിനാണിങ്ങനെ പണം കളയുന്നതെന്ന് ഭാര്യ എപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോൾ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞിട്ട് പോലും അവൾക്ക് വിശ്വാസമാവുന്നില്ലെന്നും അൽത്താഫ്
സുൽത്താൻ ബത്തേരി / ബെംഗ്ലൂരു: കേരളത്തിന്റെ തിരുവോണം ബംപറിൽ 25 കോടി ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസം സുൽത്താൻ ബത്തേരിയിൽ നിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അൽത്താഫ് പറഞ്ഞു. കർണാടകയിൽ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അൽത്താഫ്.
നറുക്കെടുപ്പ് ഫലം വന്നപ്പോൾ, ദൈവം കാത്തെന്നായിരുന്നു അൽത്താഫിന്റെ ആദ്യ പ്രതികരണം. സ്വന്തമായി ഒരു വീടില്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹം. അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അൽത്താഫ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ലോട്ടറി എടുക്കുന്നുണ്ട്. ഇത്തവണയാണ് ഭാഗ്യം കനിഞ്ഞതെന്നും അൽത്താഫ് പറഞ്ഞു. എന്തിനാണിങ്ങനെ പണം കളയുന്നതെന്ന് ഭാര്യ സീമ എപ്പോഴും ചോദിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞിട്ട് പോലും അവൾക്ക് വിശ്വാസമാവുന്നില്ലെന്നും അൽത്താഫ് പറഞ്ഞു. ഭാര്യയും ഒരു മകളും മകനുമടങ്ങിയതാണ് അൽത്താഫിന്റെ കുടുംബം.
ഭാഗ്യവാനുമായി ഫോണിൽ സംസാരിച്ചെന്നും അഭിനന്ദനങ്ങൾ അറിയിച്ചതായും അൽത്താഫ് ലോട്ടറിയെടുത്ത എൻ.ജി.ആർ ലോട്ടറി ഏജൻസി ഉടമ നാഗരാജ് പറഞ്ഞു.