ശ്രീനഗർ: ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിയും പീപ്പിൾ ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി പരാജയപ്പെട്ടു.
ബിജ്‌ബെഹ്‌റ മണ്ഡലത്തിൽനിന്ന് നാഷണൽ കോൺഫറൻസിന്റെ സ്ഥാനാർത്ഥി ബഷീർ വീരിയോടിനോട് മുവ്വായിരത്തിലേറെ വോട്ടുകൾക്കാണ് ഇൽതിജ പരാജയം നുണഞ്ഞത്. കോൺഗ്രസ് പിന്തുണയോടെയാണ് എൻ.സി ഇവിടെ പോരാട്ടം കാഴ്ചവെച്ചത്.
ബിജ്‌ബെഹ്‌റ പി.ഡി.പിയുടെ ശക്തി കേന്ദ്രമായിരുന്നെങ്കിലും കന്നിയങ്കത്തിൽ തന്നെ മെഹ്ബൂബ മുഫ്തിയുടെ മകൾക്ക് കാലിടറിയത് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നതാണ്. 1996-ലെ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഇവിടെ പരാജയം രുചിച്ചിരുന്നില്ല. ‘നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിലനിൽക്കും. കഠിനാധ്വാനം ചെയ്ത പി.ഡി.പി പ്രവർത്തകർക്ക് നന്ദിയെന്നും’ ഇൽതിജ മുഫ്തി പ്രതികരിച്ചു.
കശ്മീരിൽ എൻ.സി-കോൺഗ്രസ് സഖ്യം ബി.ജെ.പിയെ ഒരുമിച്ച് നേരിട്ടപ്പോൾ ഇന്ത്യാ മുന്നണിയിലെ പാർട്ടിയായ പി.ഡി.പി ഒറ്റയ്ക്ക് ശക്തി പരീക്ഷിക്കുകയായിരുന്നു. ഇത് മതനിരപേക്ഷ വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന ആശങ്കയുളവാക്കിയിരുന്നു. ബി.ജെ.പിക്ക് ഇത് വലിയ ആശ്വാസവുമായിരുന്നെങ്കിലും കശ്മീർ ജനതയുടെ വിധിയെഴുത്ത് മോഡി സർക്കാറിന് കനത്ത പ്രഹരമായിരിക്കുകയാണ്.