മുംബൈ– വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക്ഇൻ കൗണ്ടറിൽ കയറി വിദേശ വനിതയുടെ പ്രതിഷേധം. വിമാനക്കമ്പനിയുടെ പ്രവർത്തനങ്ങൾ അഞ്ചാം ദിവസവും താളം തെറ്റിയതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇതിനെ തുടർന്ന് പ്രകോപിയായ യാത്രക്കാരി പ്രതിഷേധമറിയിക്കുന്ന സമൂഹ മാധ്യമങ്ങളിൽ വയറലായി.
ചെക്ക്ഇൻ കൗണ്ടറിന്റെ ജനൽപാളിയിൽ പിടിച്ച്, നിലത്ത് ചെരിപ്പില്ലാതെ, വികാരാധീനയായി മേശയിലേക്ക് ചാടിക്കയറുകയായിരുന്നു. തന്റെ റദ്ദാക്കിയ വിമാനത്തെക്കുറിച്ച് വ്യക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട് അവർ ബഹളം വെച്ചു. തന്റെ ഏക വസ്ത്രങ്ങൾ അടങ്ങിയ ലഗേജ് കിട്ടാത്തതിനെക്കുറിച്ചും ഭക്ഷണമുൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചും അവർ സംസാരിച്ചു.
ഇൻഡിഗോ ഗ്രൗണ്ട് സ്റ്റാഫ് സംയമനത്തോടെ അവരോട് താഴെയിറങ്ങാൻ ആവശ്യപ്പെടുകയും സഹായിക്കാൻ ശ്രമിക്കുകയാണ് അറിയിക്കുകയും ചെയ്യുന്നുണ്ട്. മുംബൈ, ഡൽഹി വിമാനത്താവളങ്ങളിൽ മാത്രം വെള്ളിയാഴ്ച 100ൽ അധികം വിമാനങ്ങളാണ് റദ്ദാക്കിയത്. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം നിർബന്ധമാക്കുന്ന പുതിയ ‘ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് നിയമങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് ആവശ്യമായ പൈലറ്റുമാരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിൽ ഇൻഡിഗോയ്ക്ക് പറ്റിയ പിഴവാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.



