ജഹാനാബാദ്– ബീഹാറിലെ ജഹാനാബാദ് ജില്ലയിൽ അഞ്ചു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ സ്കൂൾ കാന്റീൻ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. പാലി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന മുകേഷ് കുമാർ എന്ന സുദാമയാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച (ഏപ്രിൽ 6) കറൗണ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ സ്കൂൾ ഹോസ്റ്റലിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. തിങ്കളാഴ്ച കഴുത്തറുക്കപ്പെട്ട നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയ കുട്ടിയെ ബന്ധുക്കൾ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിലും പിന്നീട് പട്നയിലെ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കുട്ടി കൊലപ്പെടുന്നതിന് മുൻപ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്.
സംഭവത്തിൽ ആദ്യം ഹോസ്റ്റൽ നടത്തിപ്പുകാരനായ തരുൺ കുമാറിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാന്റീൻ ഗാർഡ് മുകേഷ് കുമാറിന്റെ ചലനങ്ങളിൽ സംശയം തോന്നിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഭാര്യ ഉപേക്ഷിച്ചു പോയതിലുള്ള മാനസിക സമ്മർദ്ദവും സ്കൂൾ അധികൃതരോടുള്ള വ്യക്തിവൈരാഗ്യവുമാണ് കുട്ടിയോട് ഇത്തരമൊരു ക്രൂരത ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നൽകി. സ്കൂളിനെ അപകീർത്തിപ്പെടുത്താനും അത് പൂട്ടിക്കാനും താൻ ആഗ്രഹിച്ചിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രത്യേക അന്വേഷണ സംഘമാണ് കേസ് പരിശോധിക്കുന്നത്. പ്രതിക്ക് അർഹമായ ശിക്ഷ എത്രയും വേഗം ഉറപ്പാക്കാൻ അതിവേഗ വിചാരണ ആവശ്യപ്പെടുമെന്ന് എസ്.പി അപരാജിത് ലോഹൻ അറിയിച്ചു. ഫോറൻസിക് തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ആവശ്യപ്പെട്ടു. പാർട്ടിയുടെ വസ്തുതാന്വേഷണ സംഘം സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ മാരകമായ ഒന്നിലധികം മുറിവുകൾ കണ്ടെത്തിയതായി പാർട്ടി അറിയിച്ചു. അധികൃതർ എത്തുന്നതിന് മുൻപ് തന്നെ സ്കൂൾ പൂട്ടുകയും വിദ്യാർത്ഥികളെ വീട്ടിലേക്ക് അയക്കുകയും ചെയ്ത നടപടിയിൽ പാർട്ടി ശക്തമായ ആശങ്ക രേഖപ്പെടുത്തി.



