പട്‌ന– ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ മരണത്തിന് കാരണമായത് ഈ മന്ത്രവാദമാണെന്നും ആരോപിച്ച് നാട്ടുകാരാണ് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒരു ആദിവാസി കുടുംബത്തിലെ അഞ്ചുപേരെയും ക്രൂരമായി മര്‍ദിച്ചശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്.
ബാബുലാല്‍ ഒറോണ്‍, സീതാദേവി, മഞ്ജീത് ഒറോണ്‍, റാണിയദേവി, തപ്‌തോ മൊസ്മാത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിലെ ഒരുകുട്ടി ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍, കണ്‍മുന്നില്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിന്റെ ആഘാതത്തില്‍നിന്ന് കുട്ടി മോചിതനായിട്ടില്ലെന്നും അതിനാല്‍ ഇതുവരെ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ സമീപത്തെ കുളത്തില്‍നിന്ന് കണ്ടെടുത്തതായും ഗ്രാമം പോലീസ് വലയത്തിലാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രദേശവാസിയായ രാംദേവ് ഒറോണ്‍ എന്നയാളുടെ മകന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടുക്കുന്ന കൂട്ടക്കൊല അരങ്ങേറിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. മൂന്നുദിവസം മുന്‍പാണ് പരമ്പരാഗത ചികിത്സകനായ രാംദേവിന്റെ മകന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ മറ്റൊരു കുട്ടിയും അസുഖബാധിതനായി ചികിത്സയിലാണ്. കുട്ടികള്‍ക്ക് അസുഖംവരാന്‍ കാരണം ബാബുലോണ്‍ ഒറോണും കുടുംബവും മന്ത്രവാദം നടത്തിയതാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ ഇവരെ ആക്രമിച്ചതെന്നാണ് പ്രാഥമികവിവരം. സംഭവത്തില്‍ പ്രദേശവാസിയായ നകുല്‍കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുര്‍ണിയയിലെ കൂട്ടക്കൊലയും സംസ്ഥാനത്ത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് സിവാനില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ സംഭവവും ബക്‌സറില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ സംസ്ഥാനത്ത് വിലസുമ്പോള്‍ മുഖ്യമന്ത്രി അബോധാവസ്ഥയിലാണെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി.