ലക്‌നൗ: യു.പിയിലെ ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. 37 കുട്ടികളെ രക്ഷപ്പെടുത്തി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വെള്ളിയാഴ്ച രാത്രി 10.40-ഓടെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അവിനാശ് കുമാർ അറിയിച്ചു.
തീവ്ര പരിചരണ വിഭാഗത്തിന്റെ ഉൾവശത്തെ മുറിയിൽ മുപ്പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് ത്സാൻസി ഡിവിഷണൽ മജിസ്‌ട്രേറ്റ് വിമൽ ദൂബെ അറിയിച്ചു. പരുക്കേറ്റ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
സംഭവത്തിൽ 12 മണക്കൂറിനകം റിപോർട്ട് നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്.