ഛണ്ഡീഗഢ്– 50 വരെ എഴുതാത്തതിന് നാലു വയസുകാരിയെ അച്ഛൻ കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീബാദിലെ ഖെരാതിയ സ്വദേശിയായ കൃഷ്ണ ജെയ്‌സ്വാളാണ് മകള്‍ വന്‍ഷികയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശിയായ കൃഷ്ണ ജയ്‌സ്വാളും കുടുംബവും ഫരീദാബാദില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സ്വകാര്യ കമ്പനികളിൽ ഇയാളും ഭാര്യയും ജോലി ചെയ്യുന്നത്.
ഭാര്യ ജോലിക്ക് പോകുന്ന സമയത്ത് ജെയ്‌സ്വാളാണ് കുട്ടിയെ നോക്കിയിരുന്നത്. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തിരുന്നില്ലെങ്കിലും ഇയാൾ മകളെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഒന്ന് മുതല്‍ 50 വരെ തെറ്റാതെ എഴുതാന്‍ ഇയാള്‍ കുട്ടിയോട് ആവശ്യപ്പെട്ടത്. എന്നാൽ കുട്ടിക്ക് അത് എഴുതാന്‍ സാധിച്ചില്ല. തുടർന്ന് ദേഷ്യം വന്ന ജയ്‌സ്വാള് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി തത്ക്ഷണം മരിച്ചു.
മാതാവ് ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കട്ടിലില്‍ മരിച്ച് കിടക്കുന്ന കുട്ടിയെ കണ്ടത്. പടിക്കെട്ടിൽ നിന്ന് വീണതാണെന്ന് പറഞ്ഞ് ഭാര്യയെയും വിശ്വസിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും ഏഴ് വയസുകാരനായ മകന്റെ മൊഴിയാണ് സത്യം പുറത്തുകൊണ്ടുവന്നത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ പാടുകളും കൂടി കണ്ടതോടെ യുവതി പോലീസിനെ അറിയിടച്ചു. പോലീസിനെയും കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.



