ഹൈദരാബാദ്– തെലങ്കാനയിലെ കൊമരം ഭീം ആസിഫാബാദ് ജില്ലയില്‍ യുവാവ് രണ്ട് സ്ത്രീകളെ ഒരേ ചടങ്ങില്‍ വിവാഹം ചെയ്തു. ലിംഗാപൂര്‍ മണ്ഡലത്തിലെ ഗുംനൂര്‍ ഗ്രാമത്തിലെ സൂര്യദേവാണ് ലാല്‍ ദേവി, ഝല്‍കാരി ദേവിയുമായി പ്രണയത്തിലായതിനാല്‍ ഒറ്റ ചടങ്ങില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. വിവാഹ ക്ഷണക്കത്തില്‍ രണ്ട് വധുക്കളുടെയും പേരുകള്‍ക്കൊപ്പം വരന്റെ പേര് അച്ചടിച്ചാണ് ക്ഷണിച്ചത്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ചടങ്ങ് ഗംഭീരമായി നടന്നു. മൂവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചകാര്യം ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ആദ്യം എതിര്‍ത്തു. പിന്നീട് വിവാഹിതരാകാന്‍ സഹായിക്കുകയുമായിരുന്നു.
ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്ക് ബഹുഭാര്യത്വം അനുഷ്ഠിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ല്‍ തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ ഒരാള്‍ ഒരു മണ്ഡപത്തില്‍ രണ്ട് പേരെ വിവാഹം കഴിച്ചു. മൂന്ന് കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് ചടങ്ങുകള്‍ നടന്നത്. 2022ല്‍ ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗയിലും രണ്ട് കാമുകിമാരെ ഒരാള്‍ വിവാഹം ചെയ്തിട്ടുണ്ട്.