ന്യൂഡൽഹി– സൗത്ത് ആഫ്രിക്കൻ സ്വദേശിയായ ഫുട്ബോൾ പരിശീലകനോട് ഹിന്ദി അറിയാത്തതിനെ തുടർന്ന് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തി ബിജെപി കൗൺസിലർ രേണു ചൗധരി. 12 വർഷമായി ഡൽഹിയിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകിയിരുന്ന ദക്ഷിണാഫ്രിക്കൻ സ്വദേശിയോട് ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിക്കണമെന്ന് ഡൽഹി പ്രതാപ്ഗഞ്ച് കൗൺസിലറായ രേണു ചൗധരി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ വീഡിയോ രേണു തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനെ തുടർന്ന് നിരവധി പേരാണ് ബിജെപി നേതാവിനെതിരെ രംഗത്തെത്തിയത്.
സംഭവം വിവാദമായതോടെ മറ്റൊരു വീഡിയോ കൂടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് രേണു ചൗധരി. താൻ തെറ്റും ഒന്നും ചെയ്‌തിട്ടില്ലെന്ന് വീഡിയോയിലൂടെ പറയുന്ന ഇവർ ദേഷ്യപ്പെടുന്നതിന്റെ കാരണവും വിശദീകരിക്കുന്നുണ്ട്. ഫീസ് അടയ്ക്കാതെയാണ് എംസിഡി പാർക്കിൽ അയാൾ ഫുട്ബോൾ പരിശീലനം നടത്തി പണം സമ്പാദിക്കുന്നത്. മാത്രമല്ല, പരിസരവും വൃത്തികേടാക്കുന്നുണ്ട്. ഭാഷ അറിയാത്തതുകൊണ്ട് കാര്യം പറഞ്ഞു മനസ്സിലാക്കാൻ കോർപറേഷൻ ജീവനക്കാർക്കു കഴിയുന്നില്ല. അതിനാൽ തന്നെ എട്ടു മാസം മുൻപ് കണ്ടപ്പോൾ ഹിന്ദി പഠിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ട്യൂഷൻ ഫീസ് നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും പഠിക്കാത്തതു കൊണ്ടാണ് ദേഷ്യപ്പെട്ടതെന്നും കൗൺസിലർ വ്യക്തമാക്കി.



