മുംബൈ– സ്റ്റാന്‍ഡപ്പ് ഷോയില്‍ ഹാസ്യനടന്‍ കുനാല്‍ കര്‍മ്മയുടെ വിവാദപരമായ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. സംഭവത്തില്‍ പ്രതിഷേധിച്ച ശിവസേന, പരിപാടി നടത്തിയ ഹോട്ടല്‍ യൂണികോണ്ടിനെന്റല്‍ അടിച്ചു തകര്‍ത്തത് കാംറയുെട പരാമര്‍ശത്തിന്റെ പ്രതികരണമാണെന്ന് ഷിന്‍ഡെ ന്യായീകരിച്ചു.
കാംറയുടേത് പരിധിവിട്ട തമാശയാണെന്ന് അദ്ദേഹം ആരോപിച്ചു. ആത്മ നിയന്ത്രണത്തിനുള്ള കഴിവുണ്ടാകണം, അല്ലെങ്കില്‍ പ്രതികരണമുണ്ടാകും. ആവിഷ്‌കാര സ്വാതന്ത്രം നിലനില്‍ക്കുന്നുണ്ടെന്ന് കരുതി തമാശക്ക് ഒരു പരിധിയുണ്ട്. മറ്റൊരാള്‍ക്കെതിരെ കരാറെടുത്ത് സംസാരിക്കുന്നത് പോലെയാണ് തോന്നിയതെന്നും ഷിന്‍ഡെ പറഞ്ഞു.
ഞായറാഴ്ച നടന്ന ഷോയില്‍ ഷിന്‍ഡയെ കാംറ രാജ്യദ്രോഹിയെന്ന് വിളിച്ചുവെന്നാണ് ആരോപണം. ശിവസേനയിലെയും എന്‍.സി.പിയിലെയും പിളര്‍പ്പുകളെയും മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ സമീപകാല സംഭവങ്ങളെയും അദ്ദേഹം കളിയാക്കി ദില്‍ തോ പാഗല്‍ ഹെ ജി എന്ന് പാട്ടിന്റെ വരികള്‍ മാറ്റിപ്പാടിയതും പ്രതിഷേധമുയരാന്‍ കാരണമായി.
പ്രതിപക്ഷം ശിവസേന (യു.ബി.ടി) കാംറക്ക് പിന്തുണ പ്രഖ്യാപിച്ചു. ആവിഷ്‌കാര സ്വാതന്ത്രം അടിച്ചമര്‍ത്താനും ക്രമസമാധാനം തകര്‍ക്കാനുമാണ് ഷിന്‍ഡെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കാംറ. ഷോ അവതരിപ്പിച്ചത് ആവിഷ്‌കാര സ്വാതന്ത്രമാണെന്നും അതിന് മാപ്പ് പറയേണ്ട ആവിശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിനോടും കോടതിയോടും സഹകരിക്കുമെന്നും ഹോട്ടല്‍ അടിച്ചു തകര്‍ത്ത ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും കാംറ ആവിശ്യപ്പെട്ടു.