ന്യൂഡൽഹി – വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ ഒടുവിൽ നടപടിയുമായി എത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ സൈൻ നിർബന്ധമാക്കിയിരിക്കുന്നു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായി രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്കരണം.
സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുകയുള്ളു. നേരത്തെ വോട്ടർ തിരിച്ചറിയൽ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിലെ പേര് ചേർക്കാനും നീക്കാനും സാധിക്കുമായിരുന്നു. ഫോൺ നമ്പർ സംബന്ധിച്ച പരിശോധന ഇല്ലാതിരുന്നതിനാൽ വ്യാപകമായ ക്രമക്കേട് നടന്നിരുന്നു. പുതിയ നടപടിയിലൂടെ വോട്ടർ പട്ടികയിൽ നിന്ന് അനതികൃതമായി പേര് നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തടയിടാൻ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോം ആറ് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് എതിർക്കുന്നതിനും, പേര് നീക്കാനും ഫോം ഏഴിലാണ് അപേക്ഷിക്കേണ്ടത്. തിരുത്തൽ വരുത്തുന്നതിന് പൂരിപ്പിക്കേണ്ടത് ഫോം 8 ആണ്. ഈ ഫോമുകളിലെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ആണ് ഇ സൈൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കിയത്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനി മുതൽ ഈ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനാവുകയുള്ളു.



