- രാജ്യത്തെ ജി.ഡി.പിയുടെ 70 ശതമാനവും കുടുംബ ബിസ്‌നസിൽ നിന്നാണെന്ന് പഠനം
കോഴിക്കോട്: തലമുറ മാറ്റത്തിൽ വൈവിധ്യം കൊണ്ടുവരാൻ കഴിയുന്നതാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. യുവാക്കളുടെ കുറവ് കുടുംബ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നതായും അവർ പറഞ്ഞു. ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ‘പൈതൃക സ്വത്തുക്കളുടെ രഹസ്യം; കുടുംബ ബിസിനസുകളുടെ ശക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ബിസ്‌നസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
കാലവും ലോകവും മാറുന്നു. അതിനനുസരിച്ച് സമീപനങ്ങളിലും മനുഷ്യബന്ധങ്ങളെയുമെല്ലാം ഇത് സ്വാധീനിക്കുന്നുണ്ട്. മുൻ തലമുറയുടെ ബന്ധങ്ങൾ പുതുതലമുറ ബിസ്‌നസുകാർക്ക് സഹായകരമാകുമെന്നും അവർ പറഞ്ഞു.
കോൺക്ലേവിൽ വിവിധ വിഷയങ്ങളെ അധികരിച്ച് ഒൻപത് പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ ഐ.ടി.ടി.സി ചെയർമാൻ അഡ്വ. അബ്ദുൽ കരീം പാഴേരിയിൽ അധ്യക്ഷത വഹിച്ചു.
കുടുംബ ബിസിനസുകൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ശ്രദ്ധേയ സംഭവനകൾ നൽകിയതായി ഐ.ടി.ടി.സി കണക്റ്റ് ലോഞ്ചിംഗ് നിർവഹിച്ച മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഐ.ടി.ടി.സി കണക്റ്റിന്റെ സാധ്യതകളെ കുറിച്ച് ഡയരക്ടർ കെ സുരേഷ് വിശദീകരിച്ചു. ദ ഗ്രാന്റ് ഗോൾഡ് ലോഗോ പ്രകാശനം ചെയർമാൻ ഡോ. ഷുക്കൂർ കിനാലൂർ നിർവഹിച്ചു.
രാജ്യത്തെ ജി.ഡി.പിയുടെ 70 ശതമാനവും കുടുംബ ബിസിനസിൽ നിന്നാണെന്ന് വിഷയാവതരണം നടത്തിയ മാനേജ്‌മെന്റ് വിദഗ്ധൻ സന്തോഷ് ബാബു പറഞ്ഞു.
കോവിഡ് ഇനിയും വരാമെന്നും അതൊരു ബയോളജിക്കൽ വാറായിരുന്നുവെന്നും അന്ന് ഏറ്റവും കൂടുതൽ കച്ചവടം നടന്നത് വാക്‌സിനായിരുന്നുവെന്നും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ മോഹൻജി പറഞ്ഞു. പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം കുടുംബ ബിസിനസുകളുടെ നിലനിൽപ്പിന് കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീതിക്കൂ, വളരൂ എന്നതാണ് ബിസ്‌നസിലെ തത്വമെന്നും വീതിക്കാത്തത് വളരില്ലെന്നും കൂടെയുള്ളവരെ കൂടി സ്വാധീനിക്കുന്ന കൂട്ടായ പർപ്പസ് ഉണ്ടാവുമ്പോഴേ ബിസ്‌നസ്സിൽ യഥാർത്ഥ വളർച്ചയുണ്ടാകൂവെന്നും മോട്ടിവേറ്റർ മധു ഭാസ്‌കർ വ്യക്തമാക്കി. പണം ഉണ്ടായതുകൊണ്ടു മാത്രം ജീവിതത്തിൽ ഹാപ്പിനസ് വരില്ലെന്ന് പ്രചോദക പ്രാസംഗിക സഹ്‌ല പർവീൺ ചൂണ്ടിക്കാട്ടി.
സത്യസന്ധത, വിശ്വാസ്യത, തുറന്ന സമീപനം എന്നിവയ്‌ക്കൊപ്പം നിരന്തരം പഠിക്കാനുള്ള സന്നദ്ധതയും നേതൃഗുണവും ബിസ്‌നസ്സിൽ പിടിച്ചുനിൽക്കാൻ പരമപ്രധാനമാണെന്ന് മെന്റർ വി.കെ മാധവ് മോഹൻ പറഞ്ഞു. പരമ്പരാഗത മാനേജ്‌മെന്റ് കാഴ്ചപ്പാടും ചിന്താഗതിയും മാറ്റാതെ പുതിയ കാലത്തെ ബിസ്‌നസ്സിൽ പിടിച്ചുനിൽക്കാനാവില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പുതിയ കാലത്തെ ബിസ്‌നസ്സിൽ ഫിറ്റെസ്റ്റ് ആകാൻ സാധിക്കണമെന്ന് ഈ മേഖലയിലെ 11 തൂണുകളെ ഉദാഹരിച്ച് നിഷാന്ത് തോമസ് പറഞ്ഞു.
കുടുംബ ബിസ്‌നസ്സിൽ വിഷൻ ഡോക്യുമെന്റ് ചെയ്തുവെച്ചാൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒത്തിരി പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും അത്തരമൊരു ദീർഘവീക്ഷണം വളരെ പ്രധാനമാണെന്നും കമ്പനി സെക്രട്ടറി സി.എച്ച് ആശിഖ് ഓർമിപ്പിച്ചു.
ഇത് എന്റെ പണമല്ല, എന്നെ വിശ്വസിച്ചേൽപ്പിച്ച പണമാണ് എന്ന ബോധ്യം ബിസ്‌നസ്സിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധയുണ്ടാവണമെന്ന് അൻവർ സാം അഭിപ്രായപ്പെട്ടു.
വിവിധ സെഷനുകളിൽ കെ സുരേഷ് കുമാർ, ബിനീഷ് പി, കെ.വി സക്കീർ ഹുസൈൻ, ഡോ. സന്തോഷ് ശ്രീധർ, മെഹറൂഫ് മണലൊടി, മുഹമ്മദ് ഖാൻ, ഗ്വിന്നസ് റഷീദ്, ശശി വാര്യർ, രാജേഷ് ശർമ തുടങ്ങിയവർ പ്രസംഗിച്ചു.