ചെന്നൈ: സ്ത്രീധന പീഡനത്തെ ചൊല്ലി മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കിയ നിലയിൽ. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതി(25)യെയാണ് ശുചീന്ദ്രത്തെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുമ്പ് കഴിഞ്ഞ ഏപ്രിലിലായിരുന്നു തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം. ശ്രുതിയുടെ ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
പത്തു ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ, സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിലുണ്ട്. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തി.
വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞാണ് പീഡനം. എന്നാൽ, വീട്ടിലേക്ക് മടങ്ങിപ്പോന്ന് കുടുംബത്തിന് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺ സന്ദേശത്തിലുണ്ട്.
കോയമ്പത്തൂരിൽ സ്ഥിരതാമസം ആണ് ശ്രുതിയുടെ കുടുംബം. കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.