ന്യൂഡൽഹി: തെരുവുനായ്ക്കളെ റസിഡൻഷ്യൽ ഏരിയകളിൽനിന്ന് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിക്കുപിന്നാലെ, കോടതിക്കു പുറത്ത് നായ സ്നേഹികളും അഭിഭാഷകരും തമ്മിൽ സംഘർഷം. ആഗസ്റ്റ് 11-ന് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്ന്, കോടതി പരിസരത്ത് തർക്കം മൂത്ത് ഒരു അഭിഭാഷകൻ ഒരാളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം ഉൾപ്പെടുന്ന ഡൽഹി എൻ.സി.ആർ. മേഖലയിൽ തെരുവുനായ്ക്കൾക്കായി ഷെൽട്ടറുകൾ നിർമിക്കണമെന്നാണ് കോടതി ഉത്തരവ്. ഷെൽട്ടറുകളിൽ സി.സി.ടി.വി., സ്റ്റെറിലൈസേഷൻ സൗകര്യങ്ങൾ, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. “ഇത് പൊതുതാൽപ്പര്യത്തിനുവേണ്ടിയാണ്, വൈകാരിക ഇടപെടലുകൾക്ക് ഇവിടെ പ്രസക്തിയില്ല. എത്രയും വേഗം നടപടിയെടുക്കണം,” ജസ്റ്റിസ് പർദിവാല വ്യക്തമാക്കി.
ഡൽഹി മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധ മൂലമുള്ള മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാൽ, നായ്‌സ്നേഹികൾ ഉത്തരവിനെതിരെ രംഗത്തെത്തി. ഈ നടപടി അപ്രായോഗികവും സാമ്പത്തിക ഭാരം വരുത്തുന്നതും പരിസ്ഥിതി സന്തുലനത്തെ ബാധിക്കുന്നതുമാണെന്ന് മുൻ കേന്ദ്രമന്ത്രി മനേകാ ഗാന്ധി വിമർശിച്ചിരുന്നു.