ന്യൂഡൽഹി: പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദങ്ങൾ നുണയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുൽ വെല്ലുവിളിച്ചു.
“29 തവണ ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതായി പറഞ്ഞു. എന്നാൽ, സത്യം എന്താണ്? ധൈര്യമുണ്ടെങ്കിൽ, ട്രംപിന്റെ വാക്കുകൾ നുണയാണെന്ന് മോദി വ്യക്തമാക്കണം. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ധൈര്യം മോദിക്കുണ്ടെങ്കിൽ, അദ്ദേഹം ഇത് പരസ്യമായി പറയട്ടെ,” രാഹുൽ പറഞ്ഞു.
“ഒരു വിമാനം പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് മോദി പറയട്ടെ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അസം മുനീറിന് ട്രംപ് വിരുന്നൊരുക്കി. ഇതിനെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞോ? രാജ്യം അതീവ അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ദിരാ ഗാന്ധിയെപ്പോലെ ധൈര്യമുള്ള ഒരു പ്രധാനമന്ത്രിയാണ് നമുക്ക് ആവശ്യം. ഇന്ത്യയെ ഒരിക്കലും യുദ്ധക്കളമാക്കരുത്. പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായയെക്കാൾ വലുതാണ് നമ്മുടെ രാഷ്ട്രമെന്ന് മോദി മനസ്സിലാക്കണം,” രാഹുൽ കൂട്ടിച്ചേർത്തു.