ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ ഡോക്ടര്‍ മൂന്ന് മാസത്തിനിടെ 19 കോടി രൂപയുടെ ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പിന് ഇരയായി. മാര്‍ച്ച് 15-ന് ആരംഭിച്ച തട്ടിപ്പില്‍, വനിത ടെലികോം ഓഫീസര്‍ എന്നവകാശപ്പെട്ട് ഡോക്ടര്‍ക്ക് കോള്‍ വരികയായിരുന്നു. തുടര്‍ന്ന് ഫോണില്‍ ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയെന്നും, ഫോണ്‍ കണക്ഷന്‍ വിച്ഛേദിക്കുമെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി.
സബ്-ഇന്‍സ്‌പെക്ടര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ വേഷത്തിലെത്തിയയവര്‍ വാട്‌സാപ്പ്, സ്‌കൈപ്പ് എന്നിവ വഴി ഡോക്ടറെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
വ്യാജ എഫ്‌ഐആര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലോഗോ ഉപയോഗിച്ചുള്ള വ്യാജ രേഖകള്‍ എന്നിവ കാണിച്ച് വിശ്വസനീയത നല്‍കി. ദൈനംദിന വീഡിയോ കോളുകള്‍ വഴി ബന്ധം നിലനിര്‍ത്താനും തത്സമയ ലൊക്കേഷന്‍ പങ്കുവെക്കാനും വീടിന്റെയും സ്വര്‍ണാഭരണങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാനും സംഘം ഡോക്ടറോട് ആവശ്യപ്പെട്ടു.
ഇവരുടെ ഭീഷണിയില്‍ പതറിയ ഡോക്ടര്‍ തന്റെ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍, സ്വര്‍ണം, ഓഹരികള്‍ എന്നിവയില്‍ നിന്നുള്ള പണം തട്ടിപ്പ് സംഘത്തിന് കൈമാറി. 35 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ആണ് 19 കോടി രൂപ കൈമാറിയത്.
ജൂണ്‍ 25-ന് കോളുകള്‍ വരുന്നത് നിന്നപ്പോള്‍ ആണ് ഡോക്ടര്‍ ബന്ധുക്കളെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഗുജറാത്ത് സിഐഡി ക്രൈം വിഭാഗത്തിന്റെ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കി. അന്വേഷണത്തില്‍, സൂറത്ത് സ്വദേശിയായ ലാല്‍ജി ജയന്തിഭായ് ബല്‍ദാനിയ എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ കമ്പനിയുടെ അക്കൗണ്ടില്‍ 1 കോടി രൂപ കണ്ടെത്തി. കമ്മീഷന് വേണ്ടി ഇയാള്‍ തന്റെ അക്കൗണ്ട് തട്ടിപ്പുകാര്‍ക്ക് നല്‍കിയതായിരുന്നു. അന്വേഷണത്തിന് ഗുജറാത്ത് പോലീസ് നാല് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.