ജയ്പൂർ: കരുന്നുകളുടെ കുട്ടിക്കളി കാര്യമായി. കുട്ടികളുടെ ഡോക്ടറും രോഗിയും കളിക്കിടെയാണ് ഗുരുതരമായ അപകടം പിണഞ്ഞത്. രാജസ്ഥാനിലെ ഖജൂറി ഗ്രാമത്തിലാണ് സംഭവം.
കുട്ടി ഡോക്ടർ ‘മരുന്നായി’ നല്കിയ കീടനാശിനി കുടിച്ച് നാല് കുട്ടികൾ ആശുപത്രിയിലാവുകയായിരുന്നു. പരുത്തിച്ചെടികൾക്ക് തളിയ്ക്കുന്ന കീടനാശിനിയാണ് കൂട്ടത്തിലെ ‘കുട്ടി ഡോക്ടർ’ അയൽവാസികളായ മറ്റു നാലു കുട്ടികൾക്കും മരുന്നായി നല്കിയത്.
തുടർന്ന് സഞ്ജ(3), മനിഷ(2), റാണു(3), മായ(5) എന്നീ നാലു പെൺകുട്ടികളും ഛർദ്ദിക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ മാതാപിതാക്കൾ ഉടനെ കുട്ടികളെ ദാൻപുറിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിൽസയ്ക്ക് പിന്നാലെ കുട്ടികളെ ബൻസ്വാരയിലെ മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാലു കുട്ടികളും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
കളി രസകരമാക്കാനായാണ് ഡോക്ടറും രോഗിയും കളിച്ചത്. പക്ഷേ, അപകടമാണെന്ന് അറിയാതെയാണ് കളിക്കിടെ താൻ സിറപ്പ് പോലെയുള്ള മരുന്ന് നല്കിയതെന്ന് കുട്ടിഡോക്ടറായ പത്തുവയസുകാരൻ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
കീടനാശിനിയാണെന്നറിയാതെയാവാം കുട്ടികൾ ഇത് കുടിച്ചതെന്ന് വീട്ടുകാരും പറഞ്ഞു. അബദ്ധത്തിൽ സംഭവിച്ചതാണ് എല്ലാം. പക്ഷേ, വളരെ വലിയ സൂക്ഷ്മതയും ജാഗ്രതയും ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
കളിക്കിടെയുണ്ടായ അബദ്ധമാണെന്നും ആസൂത്രിതമായ നടപടിയല്ലെന്നും ദുരൂഹതകളില്ലെന്നും പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ബൻസ്വാര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.പി ഗോപിചന്ദ് മീണ പ്രതികരിച്ചു.