ബംഗളൂരു– കര്‍ണാടകയില്‍ തനിക്ക് പെട്ടെന്ന് മുഖ്യമന്ത്രി പദവിയിലേക്ക് ചിന്തയില്ലെന്ന് 2028 ലെ തെരെഞ്ഞെടുപ്പ് വരുമ്പോഴേക്കും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി തുടര്‍ഭരണം ഉറപ്പാക്കാനാണ് പ്രവര്‍ത്തനവും ലക്ഷ്യവുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. കര്‍ണാടക മുഖ്യമന്ത്രിയെ മാറ്റാനുള്ള അണിയറ നീക്കങ്ങള്‍ വിവിധ കോണുകളില്‍ നടക്കുന്നുവെന്ന പ്രചാരണവും റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനെത്തുടര്‍ന്നായിരുന്നു ഡികെ യുടെ പ്രതികരണം. ഇന്ത്യാ ടുഡെയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസില്‍ അച്ചടക്കത്തിനാണ് ഏറെ പ്രാധാന്യമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃമാറ്റം ആലോചനയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടരി രണ്‍ദീപ് സിങ്ങ് സുര്‍ജോവാല വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡികെ ശിവകുമാറിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
”ബെലഗാവിയിലെ വര്‍കിംഗ് കമ്മിറ്റി തീരുമാനിച്ച സംഘടനാ മാറ്റത്തിന്റെ വര്‍ഷമാണിത്. രാജ്യത്തുടനീളം എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസുകളും കൂടുതല്‍ ശക്തമാക്കാന്‍ ആണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ചുള്ള കര്‍മപരിപാടിയുമായി മുന്നോട്ടുപോവുകയാണ്. പാര്‍ടിയും അച്ചടക്കവുമാണ് മുഖ്യം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഓഫീസ് പണിയുന്നതിനുള്ള ഉത്തരവാദിത്തം നിയമസഭാംഗങ്ങള്‍ ഏറ്റെടുക്കണം.”- ഡികെ ശിവകുമാര്‍ വ്യക്തമാക്കി.
അടുത്ത രണ്ടര വര്‍ഷത്തേക്ക് ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശത്തോട്, തനിക്ക് ആരുടേയും പിന്തുണ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കസേര ഇപ്പോള്‍ നോട്ടമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group