ന്യൂഡൽഹി– ബോളിവുഡിന്റെ സൂപ്പർതാരം ഷാറുഖ് ഖാൻ, 1.4 ബില്യൺ ഡോളർ (ഏകദേശം 12,400 കോടി രൂപ) ആസ്തിയുമായി ലോകത്തെ ഏറ്റവും സമ്പന്നരായ സിനിമാതാരങ്ങളിൽ മൂന്നാം സ്ഥാനത്താണ്. എന്നിട്ടും, പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠി, ഷാറുഖിന്റെ ധാർമികതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഇത്രയധികം സമ്പത്തുണ്ടായിട്ടും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെതിരെയാണ് ധ്രുവിന്റെ വിമർശനം. ‘ഷാറുഖ് ഖാനോടുള്ള എന്റെ ചോദ്യം’ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ഇത്ര കാശുണ്ടായിട്ടും നിങ്ങൾക്ക് മതിയായില്ലേ? എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.
വീഡിയോയിൽ ധ്രുവ് പറയുന്നു, “ഷാറുഖ് ഖാന്റെ ആസ്തി 12,400 കോടി രൂപയാണ്. അതിന്റെ പലിശ മാത്രം എത്ര വരുമെന്ന് ഊഹിച്ചുനോക്കൂ! പരസ്യങ്ങളിൽ നിന്നടക്കം വൻതുക കുമിഞ്ഞുകൂടുന്നു. എന്നിട്ടും, എന്തിനാണ് ആരോഗ്യത്തിന് ഹാനികരമായ പാൻ മസാലയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത്? ഈ പരസ്യങ്ങളിൽ നിന്ന് 100-200 കോടി രൂപ കിട്ടിയേക്കാം. പക്ഷേ, അതിന്റെ സാമൂഹിക ആഘാതം നിങ്ങൾ പരിഗണിക്കുന്നില്ലേ? ഈ തുക ശരിക്കും ആവശ്യമുണ്ടോ? നിങ്ങളുടെ മനസ്സാക്ഷിയോട് സത്യസന്ധമായി ചോദിക്കൂ. ഈ വൻ സമ്പത്ത് കൊണ്ട് എന്താണ് ചെയ്യാൻ പോകുന്നത്? രാജ്യത്തെ പ്രമുഖനായ ഒരു താരം ഹാനികരമായ ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ, അത് സമൂഹത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ.”
ഈ സന്ദേശം ഷാറുഖിന്റെ ശ്രദ്ധയിൽ എത്തിക്കാൻ ആരാധകരോട് ധ്രുവ് അഭ്യർത്ഥിക്കുന്നു. നിലവിൽ, സിദ്ധാർഥ് ആനന്ദിന്റെ ‘കിങ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാറുഖ്. സുഹാന ഖാൻ, ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അർഷദ് വാർസി തുടങ്ങിയ വൻ താര നിരയ്ക്കൊപ്പമാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.